തലസ്ഥാനത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, തൃശൂരിൽ സുനില്‍കുമാർ, മാവേലിക്കര അരുണ്‍കുമാർ; സിപിഐ സ്ഥാനാര്‍ഥികളായി
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥിപ്പട്ടിക സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലില്‍ അന്തിമ ധാരണയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമായ വയനാട്ടില്‍ ആനി രാജയെയാണ് സിപിഐ കളത്തിലിറക്കുന്നത്.
ത്രികോണപോരാട്ടത്തിന് തയാറെടുക്കുന്ന തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രി വി എസ് സുനില്‍കുമാറും സംവരണ മണ്ഡലമായ മാവേലിക്കരയില്‍ സി എ അരുണ്‍കുമാറും സ്ഥാനാര്‍ഥികളാകും. ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സിലില്‍ സീറ്റുകള്‍ സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും പ്രഖ്യാപനം 26-ന് നടക്കുന്ന സംസ്ഥാന നേതൃയോഗത്തിനു ശേഷമായിരിക്കും.
കോൺഗ്രസ് നേതാവ് ശശി തരൂർ നാലാം അങ്കത്തിനൊരുങ്ങുന്ന തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥി വേണമെന്ന ആലോചന നേരത്തെ തന്നെ സിപിഐയിൽ സജീവമായിരുന്നു. ഇതാണ് തിരുവനന്തപുരത്തിന്റെ മുൻ എം പി കൂടിയായ പന്ന്യൻ രവീന്ദ്രനിലേക്ക് എത്തിയത്. എന്നാൽ ഇനിയൊരു മത്സരത്തിനില്ലെന്ന നിലപാടിൽ പന്ന്യൻ ഉറച്ചനിന്നു. ഒടുവിൽ സംസ്ഥാന-ദേശീയനേതൃത്വം സമ്മർദം ശക്തമാക്കിയതോടെയാണ് പന്ന്യൻ മത്സരത്തിന് തയാറായതെന്നാണ് വിവരം. പി കെ വാസുദേവൻ നായരുടെ പിൻഗാമിയായി 2005ലെ ഉപതിരഞ്ഞെടുപ്പിലാണ് പന്ന്യൻ രവീന്ദ്രൻ ലോക്‌സഭയിലെത്തുന്നത്.
കഴിഞ്ഞ ദിവസം സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക പുറത്തുവന്നിരുന്നു. അഞ്ച് കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ കളത്തിലിറക്കാനാണ് സിപിഎം ഒരുങ്ങുന്നത്. പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്കിനെയും ആലത്തൂരില്‍ കെ രാധാകൃഷ്ണനെയും പാലക്കാട്ട് എ വിജയരാഘവനെയും കോഴിക്കോട്ട് എളമരം കരീമിനെയും വടകരയില്‍ കെകെ ശൈലജയെയും കണ്ണൂരില്‍ എം വി ജയരാജനെയും അവതരിപ്പിക്കുന്നതിലൂടെ, കഴിഞ്ഞ തവണ കൈവിട്ട കേരളം എന്തുവില കൊടുത്തും പിടിക്കാനുറപ്പിച്ചാണ് സിപിഎം തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
കൊല്ലത്ത് നിലവിലെ എംഎല്‍എ മുകേഷിനെ ഇറക്കാനാണ് സിപിഎം ഉദ്ദേശിക്കുന്നത്. തുടര്‍ച്ചയായി രണ്ടു തവണ കൊല്ലത്തുനിന്ന് നിയമസഭയിലെത്തിയ മുകേഷിന്റെ ജനസ്വീകാര്യത ലോക്‌സഭയിലും തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. ആലപ്പുഴയില്‍ നിലവിലെ എംപി എ എം ആരിഫും ഇടുക്കിയില്‍ ജോയ്സ് ജോര്‍ജും ആറ്റിങ്ങലില്‍ വി ജോയിയും മത്സരിക്കും.
എറണാകുളത്ത് പുതുമുഖമായ കെ ജെ ഷൈനാണ് സിപിഎം സ്ഥാനാര്‍ഥി. സിപിഎം അധ്യാപക സംഘടനയായ കെഎസിഎ നേതാവായ ഷൈന്‍ വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗവുമാണ്.
പൊന്നാനിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിന്റെ പേര് കേട്ടിരുന്നെങ്കിലും സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കെഎസ് ഹംസയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലിം ലീഗിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന ഹംസയെ ലീഗില്‍നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. വസീഫ് മലപ്പുറത്ത് ജനവിധി തേടും.
ചാലക്കുടിയില്‍ സി രവീന്ദ്രനാഥും കാസര്‍ഗോഡ് എം വി ബാലകൃഷ്ണനും മത്സരിക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റിയാണ് പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചശേഷം സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.