ഓണം വാരാഘോഷം: സമഗ്ര കവറേജിന് ഡിജിറ്റല്‍ വിഭാഗത്തിനുള്ള പുരസ്കാരം ദ ഫോർത്തിന്
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികളുടെ സമഗ്ര കവറേജിന് ഡിജിറ്റല്‍ വിഭാഗത്തിനുള്ള പുരസ്കാരം ദ ഫോർത്തിന്. ഓണം വാരാഘോഷത്തിലെ മുഖ്യ ഇനമായ ദീപാലങ്കാരത്തെ മുൻനിർത്തി ശ്രീജാ ശ്യാം, ലക്ഷ്മി പദ്മ എന്നിവർ തയ്യാറാക്കി അവതരിപ്പിച്ച ‘ഓണത്തള്ള് ’ എന്ന പരിപാടിക്കാണ് പുരസ്കാരം.
നിശാഗന്ധിയില്‍ നടന്ന സമാപന സമ്മേളനത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലിന്റെ കയ്യിൽ നിന്നും ദ ഫോർത്ത് ന്യൂസ് എഡിറ്റർ ലക്ഷ്മി പത്മ മൊമന്റോയും 5,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഏറ്റുവാങ്ങി. ചതയ ദിനത്തിൽ സൂരജ് സന്തോഷ്, ലക്ഷ്മി ജയൻ എന്നിവർ നയിച്ച ഓണം ബീറ്റ്സ് എന്ന പരിപാടി സംഘടിപ്പിച്ചതിനുള്ള സ്നേഹോപകാരം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൽ നിന്ന് ഓപ്പറേഷൻസ് ജി എം ശ്രീകാന്ത് പി നായരും ഏറ്റുവാങ്ങി.
ഓണം വാരാഘോഷത്തിന്റെ ഭാഗമായി മികച്ച കവറേജ് നല്‍കിയ മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമുള്ള പുരസ്‌കാരങ്ങളാണ് ഓണം വാരാഘോഷ സമാപന സമ്മേളനത്തിൽ വിതരണം ചെയ്തത്. അച്ചടി മാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ശ്യാമ രാജീവും (ജനയുഗം) മികച്ച രണ്ടാമത്തെ റിപ്പോര്‍ട്ടറായി സുനീഷ് ജോയും (ദേശാഭിമാനി) തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഫോട്ടോഗ്രഫറായി വിന്‍സന്റ് പുളിക്കല്‍ (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്), മികച്ച രണ്ടാമത്തെ ഫോട്ടോഗ്രഫറായി രാജേഷ് രാജേന്ദ്രന്‍ (ജനയുഗം) എന്നിവരെയും തിരഞ്ഞെടുത്തു.
അച്ചടി മാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം ദേശാഭിമാനി സ്വന്തമാക്കി. ദൃശ്യമാധ്യമ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള പുരസ്‌കാരം കൈരളി ന്യൂസിന് ലഭിച്ചു. ദൃശ്യമാധ്യമ വിഭാഗത്തില്‍ മികച്ച റിപ്പോര്‍ട്ടറായി ഷിജോ കുര്യന്‍ (മീഡിയ വണ്‍), മികച്ച രണ്ടാമത്തെ റിപ്പോര്‍ട്ടറായി സുലേഖ (കൈരളി ന്യൂസ്) എന്നിവരെ തിരഞ്ഞെടുത്തു. മികച്ച വീഡിയോഗ്രഫറായി കണ്ണന്‍ എം ജി (മീഡിയവണ്‍), മികച്ച രണ്ടാമത്തെ വീഡിയോഗ്രഫറായി ബിജു മടവൂര്‍ (മീഡിയ വണ്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. എഫ് എം റേഡിയോ വിഭാഗത്തില്‍ മികച്ച കവറേജിനുള്ള പുരസ്‌കാരം ബിഗ് എഫ് എം സ്വന്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 27നാണ് ആരംഭിച്ചത്. വര്‍ണശബളമായ ഘോഷയാത്രയോടെയാണ് ഇന്ന് തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന് സമാപനം കുറിച്ചത്.