എസ്എംഎ രോഗികള്‍ക്ക്  ആശ്വാസം; സർക്കാർ മേഖലയില്‍ പുതിയ സംവിധാനം, ശസ്ത്രക്രിയ സൗജന്യം

എസ്എംഎ രോഗികള്‍ക്ക് ആശ്വാസം; സർക്കാർ മേഖലയില്‍ പുതിയ സംവിധാനം, ശസ്ത്രക്രിയ സൗജന്യം

എസ്എംഎ രോ​ഗബാധിതരായ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപയാണ് ചെലവ് വരിക
Updated on
1 min read

ജനിതക രോ​ഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയയ്ക്ക് സര്‍ക്കാര്‍ തലത്തിൽ പുതിയ സംവിധാനം കൊണ്ടുവരുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രത്യേക ടീമിന്റെ നേതൃത്വത്തിലാണ് ഇതിനുളള സംവിധാനം ഒരുങ്ങുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗത്തില്‍ പ്രത്യേക ഓപ്പറേഷന്‍ ടേബിള്‍ സജ്ജമാക്കും.

എസ്എംഎ രോ​ഗബാധിതരായ കുട്ടികൾക്ക് ശസ്ത്രക്രിയയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ 15 ലക്ഷത്തോളം രൂപയാണ് ചെലവ് വരിക. ഈ ശസ്ത്രക്രിയ സർക്കാരിന്റെ പുതിയ പദ്ധതിയിലൂടെ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ആരോ​ഗ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എസ്എംഎ ബാധിച്ച കുട്ടികള്‍ക്കായി സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയ ആരംഭിക്കുന്നതിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു.

നട്ടെല്ലിന്റെ വളവ് ശസ്ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്‌പൈന്‍ സ്‌കോളിയോസിസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിലവില്‍ 300 ഓളം സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ഈ അനുഭവ സമ്പത്തുമായാണ് പ്രത്യേക ടീമിന്റെ കീഴിൽ സർക്കാർ പുതിയ സംവിധാനം ഒരുക്കുന്നത്. കൂടാതെ, ദേശീയ ആരോഗ്യ ദൗത്യം (എന്‍എച്ച്എം) വഴി അനസ്തീഷ്യ ഡോക്ടറുടെ സേവനം അധികമായി ലഭ്യമാക്കും. നട്ടെല്ലിന്റെ വളവ് ശസ്ത്രക്രിയയിലൂടെ നേരയാക്കുന്നതാണ് സ്‌പൈന്‍ സ്‌കോളിയോസിസ് ശസ്ത്രക്രിയ. 8 മുതല്‍ 12 മണിക്കൂര്‍ സമയമെടുക്കുന്ന സങ്കീര്‍ണ ശസ്ത്രക്രിയയാണിത്. സ്‌പൈനൽ മസ്‌കുലർ അട്രോഫി, ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന രോഗമാണ്. രോഗം സങ്കീർണമാകുന്നത് കുഞ്ഞുങ്ങളുടെ മരണത്തിലേയ്ക്കോ ചലനശേഷി ഇല്ലാത്ത അവസ്ഥയിലേക്കോ നയിക്കുന്നു. ജീവൻരക്ഷാ ഉപാധികളോടെ ജീവിതകാലം മുഴുവൻ തുടരേണ്ട അവസ്ഥയുമുണ്ടാകാറുണ്ട്.

സ്‌പൈനൽ മസ്‌കുലർ അട്രോഫി, ശരീരത്തിലെ മസിലുകളുടെ പ്രവർത്തനത്തെ ദുർബലപ്പെടുത്തുന്ന രോഗമാണ്

എസ്എംഎ രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ഒരു ക്ലിനിക് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെ എസ്എടി ആശുപത്രിയെ കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂര്‍വ രോഗങ്ങള്‍ക്ക് വേണ്ടിയുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് പട്ടികയില്‍ അടുത്തിടെ ഉള്‍പ്പെടുത്തുകയുണ്ടായി. ഇതിന് പുറമെയാണ് പുതിയ സംവിധാനമൊരുങ്ങുന്നത്.

logo
The Fourth
www.thefourthnews.in