വി സിയെ നിയന്ത്രിക്കാന്‍ ഉപസമിതിയാകാം; ഗവർണറെ തള്ളി ഹൈക്കോടതി
സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനം സസ്പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. സാങ്കേതിക സര്‍വകലാശാല വി സിയെ നിയന്ത്രിക്കാന്‍ സിന്‍ഡിക്കേറ്റും ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സും എടുത്ത തീരുമാനമാണ് ഗവര്‍ണര്‍ തടഞ്ഞിരുന്നത്. സിന്‍ഡിക്കേറ്റ്, ഗവേണിങ് ബോര്‍ഡ് തുടങ്ങിയ സമിതികള്‍ കൈക്കൊണ്ട തീരുമാനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.
വൈസ് ചാന്‍സലറുടെ നടപടികള്‍ നിയന്ത്രിക്കുവാന്‍ സിന്‍ഡിക്കേറ്റ് പ്രത്യേക ഉപസമിതിയെ നിയോഗിച്ചതും, ജീവനക്കാരെ വി സി സ്ഥലം മാറ്റിയത് പുനഃപരിശോധിക്കാന്‍ പ്രത്യേകമായി മറ്റൊരു സമിതി രൂപീകരിച്ചതും, ഗവര്‍ണര്‍ക്ക് വി സി അയക്കുന്ന കത്തുകള്‍ സിന്‍ഡിക്കേറ്റ് അംഗീകാരത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന തീരുമാനവുമാണ് ഗവര്‍ണര്‍ തടഞ്ഞത്. ഇതിനെതിരെ സിന്‍ഡിക്കേറ്റ് അംഗം ഐ ബി സതീഷ് എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാന്റെ ഉത്തരവ്.
യൂണിവേഴ്സിറ്റി നിയമത്തിലെ പത്താംവകുപ്പ് പ്രകാരം സര്‍വകലാശാലയുടെ വിവിധ സമിതികള്‍ കൈകൊള്ളുന്ന ചട്ടവിരുദ്ധമായ ഏതു തീരുമാനവും സസ്‌പെന്‍ഡ് ചെയ്യുവാനോ മാറ്റം വരുത്തുവാനോവുള്ള അധികാരമുണ്ടെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഗവര്‍ണറുടെ തീരുമാനം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. സിസ തോമസിന് സംസ്ഥാന സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കെയാണ് ഹൈക്കോടതിയില്‍ നിന്ന് ഉത്തരവുണ്ടായിട്ടുള്ളത്.