വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാന്‍പോലും കഴിയാത്തത്; മൃതദേഹങ്ങള്‍ ലഭിക്കുന്നത് കിലോമീറ്റുകള്‍ അകലെനിന്ന്

വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാന്‍പോലും കഴിയാത്തത്; മൃതദേഹങ്ങള്‍ ലഭിക്കുന്നത് കിലോമീറ്റുകള്‍ അകലെനിന്ന്

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
Updated on
1 min read

വയനാട് ദുരന്തത്തിന്റെ വ്യാപ്തി വളരെവലുതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന വിവരം. ദുരന്തത്തില്‍ വന്‍ ആഘാതമേറ്റ മുണ്ടക്കൈ എന്ന ചെറുപ്രദേശം പൂര്‍ണമായി തകർന്നിട്ടുണ്ടാകാമെന്ന ആശങ്കയിലാണ് രക്ഷാപ്രവര്‍ത്തകര്‍. 2019ല്‍ 17 പേര്‍ കൊല്ലപ്പെട്ട പുത്തുമലയ്ക്ക് അകലെയല്ലാത്ത വെള്ളരിമലയിലാണ് ഇപ്പോഴത്തെ ദുരന്തത്തിന് തുടക്കമായതെന്ന് കരുതുന്നു. വയനാട്ടില്‍ സംഭവിച്ച ദുരന്തത്തില്‍പെട്ടവരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ അകലെ മലപ്പുറത്ത് ചാലിയാറില്‍നിന്നാണ് ലഭിച്ചതെന്നതിനാല്‍ മലവെള്ളപ്പാച്ചിലിന്റെ ഗതിവേഗം ഊഹിക്കാന്‍ പോലും സാധിക്കാത്തതാണ്.

രക്ഷാപ്രവര്‍ത്തനം എങ്ങനെ എവിടെ തുടങ്ങണമെന്ന കാര്യത്തില്‍ ഇനിയും ധാരണ രൂപപ്പെടുത്താനായിട്ടില്ല. എസ്റ്റേറ്റ് പ്രദേശത്താണ് സംഭവമെങ്കിലും നിലവില്‍ ഭൂപ്രദേശം തിരിച്ചറിയാനാകാത്തവിധം തകര്‍ന്നുപോയി. കരയും പുഴയും തിരിച്ചറിയാനാവാതായി. വീടുകള്‍, തോട്ടം തൊഴിലാളികള്‍ തങ്ങിയിരുന്ന ലയങ്ങള്‍ എല്ലാം ഒഴുകിപ്പോയി. സഹായാഭ്യര്‍ത്ഥനകളുടെ പ്രവാഹമാണിപ്പോള്‍. എന്നാല്‍ വന്‍ ദുരന്തമേഖലയിലേക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാകുന്നത്.

വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാന്‍പോലും കഴിയാത്തത്; മൃതദേഹങ്ങള്‍ ലഭിക്കുന്നത് കിലോമീറ്റുകള്‍ അകലെനിന്ന്
ദുരന്തഭൂമിയായി വയനാട്: മരണം 73, രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തി; വീണ്ടും ഉരുള്‍പൊട്ടിയതായി സംശയം

പുലര്‍ച്ചെ രണ്ടോടെയാണ് ഉരുള്‍പൊട്ടലുണ്ടായതെന്നാണ് വിലയിരുത്തപ്പെടുന്നത്. മുണ്ടക്കൈ പ്രദേശത്തേക്ക് എത്തിച്ചേരാനുള്ള പ്രതിസന്ധികള്‍ ഏറെയാണ്. കഴിഞ്ഞവട്ടം ദുരന്തം ഉണ്ടായ ചൂരല്‍മലയ്ക്ക് അപ്പുറം കടക്കാന്‍ ആര്‍ക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും സാധ്യമാതാത്ത വിധത്തില്‍ കാലവസ്ഥ പ്രതികൂലവുമാണ്.

ചൂരല്‍മലയില്‍ തകര്‍ന്നുപോയ പാലം പുനഃസ്ഥാപിക്കപ്പെട്ടാൽ മാത്രമേ അവിടേക്ക് എത്തിച്ചേരാനാവൂ. ഈ സാഹചര്യത്തില്‍ എന്‍ഡിആര്‍എഫിന്റെയും സൈന്യത്തിന്റേയും പ്രവര്‍ത്തനങ്ങളിലാണ് ഇപ്പോഴത്തെ പ്രതീക്ഷ. വ്യോമസേനയുടെ വിമാനത്തില്‍ അടിയന്തിരമായി ഭക്ഷണവും മരുന്നും എത്തിക്കാനാണ് ശ്രമം. ചൂരല്‍മലയിലും മുണ്ടക്കൈയിലുമായി നാനൂറോളം പേര്‍ അപകടസ്ഥലങ്ങളില്‍ രക്ഷപ്പെടാന്‍ സാധ്യത കാത്ത് കഴിയുകയാണ്. താത്കാലിക പാലം നിര്‍മിച്ച് മറുകരയില്‍ എത്താനായാല്‍ മാത്രമേ മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകൂ.

വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാന്‍പോലും കഴിയാത്തത്; മൃതദേഹങ്ങള്‍ ലഭിക്കുന്നത് കിലോമീറ്റുകള്‍ അകലെനിന്ന്
വയനാട് ഉരുള്‍പൊട്ടല്‍: പാടികളും ക്വാർട്ടേ‌ഴ്‌സുകളും ഇരുപതോളം വീടുകളും പൂർണമായും ഒലിച്ചുപോയി, ദുരന്തത്തിന്റെ വ്യാപ്തി അളക്കാനാവാതെ അധികൃതർ

രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പ് വയനാട്ടിലേക്ക്

ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും.

സൈന്യത്തിൻ്റെ മദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് (എംഇജി) ബെംഗളുരുവിൽനിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം നടപ്പാക്കും. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിൻ്റെ കേരള - കർണാടക ചുമതലയുള്ള മേജർ ജനറൽ വി ടി മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പോലീസിൻ്റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിന് ഡോഗ് സ്ക്വാഡും രംഗത്തിറങ്ങും.

logo
The Fourth
www.thefourthnews.in