കത്ത് വിവാദം: സമവായത്തിനൊരുങ്ങി സര്‍ക്കാര്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മന്ത്രി എം ബി രാജേഷ് കത്തയച്ചു
തിരുവനന്തപുരം നഗരസഭാ കത്ത് വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ സമരം കടുപ്പിക്കാന്‍ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് സര്‍ക്കാരിന്റെ സമവായനീക്കം. സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ജില്ലാ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് തദ്ദേശ മന്ത്രി എം ബി രാജേഷ് കത്തയച്ചു. നാളെ വൈകിട്ട് നാല് മണിക്ക് സെക്രട്ടറിയേറ്റിലാണ് ചര്‍ച്ച .
കത്ത് വിവാദം ശക്തമായതിന് പിന്നാലെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആദ്യ ഇടപെടൽ നടത്തിയത് തദ്ദേശ വകുപ്പാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ് വ്യക്തമാക്കിയിരുന്നു.
അതേസമയം, മറ്റ് അന്വേഷണങ്ങള്‍ നടക്കുന്നതിനാല്‍ കത്ത് വിവാദത്തില്‍ പരിശോധന വേണ്ടെന്ന കോര്‍പ്പറേഷന്‍ വാദം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഓംബുഡ്‌സ്മാന്‍ പരിഗണിച്ചില്ല. പരാതിയില്‍ 27 ന് വിശദവാദം കേള്‍ക്കും. മേയര്‍ ആര്യ രാജേന്ദ്രന്റെയും കോര്‍പ്പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസിന്റെയും വാദങ്ങളാണ് ഓംബുഡ്‌സ്മാന്‍ തള്ളിയത്.
വിഷയം ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ ഇത് അന്വേഷിക്കാന്‍ ഓംബുഡ്‌സ്മാന് അധികാരമില്ലെന്നും മേയറുടെ കത്തിനെ സംബന്ധിച്ച് കോര്‍പ്പറേഷന്‍ രേഖകളില്‍ പരാമര്‍ശം ഇല്ലെന്നുമായിരുന്നു സെക്രട്ടറി ഓംബുഡ്‌സ്മാനോട് വിശദീകരിച്ചത്. കോര്‍പ്പറേഷനിലെ കരാര്‍ നിയമനത്തിന് കത്ത് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കുക, ആര്യ രാജേന്ദ്രന്‍ മേയറായി ചുമതലയേറ്റത് മുതലുള്ള താത്ക്കാലിക നിയമനങ്ങള്‍ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് സുധീര്‍ഷാ പാലോടാണ് ഓംബുഡ്‌സ്മാന് പരാതി നല്‍കിയത്. തുടര്‍ന്ന് മേയര്‍ക്കും സെക്രട്ടറിക്കും നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. രണ്ടു പേരും ഓണ്‍ലൈന്‍ സിറ്റിങ്ങില്‍ ഹാജരായി.
കത്ത് വിവാദത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ ഒരുമാസം പിന്നിടുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ ഇടപെടല്‍. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ ഔദ്യോഗിക ലെറ്റർപാഡിൽ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാർട്ടി നേതാക്കളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പുറത്തായതാണ് വിവാദങ്ങളുടെ തുടക്കം. ‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തിൽ ഒഴിവുകളുടെ വിശദവിവരം നൽകിയശേഷം ഇതിലേക്ക് ഉദ്യോഗാർഥികളുടെ മുൻഗണനാ പട്ടിക നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയർ ഒപ്പിട്ട കത്തിലുണ്ടായിരുന്നു. ഇതോടെ പ്രധാന തസ്തികകൾ മുതൽ താത്കാലിക ഒഴിവുകളിൽ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ഇതിനെചൊല്ലി പ്രതിപക്ഷം രംഗത്തെത്തുകയുമായിരുന്നു.