കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കി തുടങ്ങി
സര്‍ക്കാര്‍ അനുവദിച്ച നൂറ് കോടി കൊണ്ട് കെഎസ്ആര്‍ടിസിയില്‍ കുടിശ്ശിക ശമ്പള വിതരണം തുടങ്ങി. ചൊവ്വാഴ്ച്ച രാത്രിയോടെ എല്ലാ ജീവനക്കാരുടെ അക്കൗണ്ടില്‍ പണമെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.
സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുമെന്ന ഉപാധിയോടെയാണ് പണം നല്‍കുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയുടെ ഉത്തരവ് വ്യക്തമാക്കിയിരുന്നു. കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ 100 കോടി രൂപ അനുവദിച്ചിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയിരിക്കുന്ന ബഡ്ജറ്റ് വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചത്.
കെഎസ്ആര്‍ടിസി പ്രതിസന്ധി വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി തൊഴിലാളി സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളകുടിശ്ശിക മുഴുവന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 100 കോടി രൂപ ഉപാധികളോടെ അനുവദിച്ചത്.