എസ്എഫ്‌ഐ പ്രതിരോധം വൃഥാവിലായി; ഗവര്‍ണറുടെ ലിസ്റ്റിലെ ലീഗ് അംഗങ്ങള്‍ ഓണ്‍ലൈനായി സെനറ്റ് യോഗത്തില്‍

എസ്എഫ്‌ഐ പ്രതിരോധം വൃഥാവിലായി; ഗവര്‍ണറുടെ ലിസ്റ്റിലെ ലീഗ് അംഗങ്ങള്‍ ഓണ്‍ലൈനായി സെനറ്റ് യോഗത്തില്‍

വൈസ് ചാന്‍സ്‌ലര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ തിരഞ്ഞെടുത്ത സ്എഫ്‌ഐ നേതാവ് കെ കെ അനുഷ സെനറ്റ് യോഗത്തില്‍ പങ്കെടുത്തെങ്കിലും ആരും തടഞ്ഞില്ല
Updated on
1 min read

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ കാവിവത്കരണത്തിനു ശ്രമിക്കുന്നുവെന്ന് ആരോപിച്ചു, ഗവര്‍ണര്‍ തിരുകിക്കയറ്റിയ സെനറ്റ് അംഗങ്ങളെ പ്രതിരോധിക്കാന്‍ തയാറായിനിന്ന എസ്എഫ്ഐക്കാരെ 'വെട്ടിലാക്കി' കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തില്‍ പങ്കെടുത്ത് മുസ്ലീംലീഗംഗങ്ങള്‍. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത മുസ്ലീംലീഗ് അംഗങ്ങള്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.

മുസ്ലീം ലീഗ് നേതൃത്വമാണ് പ്രതിനിധികളോട് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്. മുസ്ലീംലീഗ് നല്‍കിയ പട്ടികയില്‍നിന്ന് സെനറ്റിലേക്കെത്തിയ അഡ്വ. എന്‍ എ കരീം, ലിന്റോ വി സി, ടി പി എം ഹാഷിറലി, കെ മമത, ഡോ എസ് ഫാത്തിമ എന്നിവര്‍ സെനറ്റ് യോഗം നടക്കുന്നതിന് തലേന്നുതന്നെ ഓണ്‍ലൈനില്‍ പങ്കെടുക്കാനുള്ള അനുമതി തേടി. വൈസ് ചാന്‍സ്‌ലര്‍ എം കെ ജയരാജ് ബുധനാഴ്ച തന്നെ അനുമതി നല്‍കുകയും ചെയ്തു. ഇക്കാര്യം വിസി വഴിയോ സെനറ്റ് അംഗങ്ങള്‍ വഴിയോ ചോര്‍ന്നുമില്ല.

യൂണിവേഴ്‌സിറ്റിക്ക് തൊട്ടടുത്തുള്ള കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എന്‍ എ കരീമിനെ തടയുമ്പോള്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് പ്രതിരോധമുണ്ടാകാനുള്ള സാധ്യതയും ലീഗ് നേത്യത്വം മുന്‍കൂട്ടി കണ്ടു. അങ്ങനെ വന്നാല്‍ ഗവര്‍ണറുടെ നോമിനികളെ തടയാന്‍വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രതിരോധിക്കാന്‍ യൂത്ത് ലീഗ് രംഗത്തുവന്നുവെന്ന പ്രചാരണം ഉണ്ടാകാനുള്ള സാധ്യതയും നേതാക്കള്‍ മുന്നില്‍കണ്ടിരുന്നു.

എസ്എഫ്‌ഐ പ്രതിരോധം വൃഥാവിലായി; ഗവര്‍ണറുടെ ലിസ്റ്റിലെ ലീഗ് അംഗങ്ങള്‍ ഓണ്‍ലൈനായി സെനറ്റ് യോഗത്തില്‍
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗങ്ങളുടെ നാമനിര്‍ദേശം: ഗവർണർക്ക് ഹൈക്കോടതി നോട്ടീസ്

നിലവില്‍ സെനറ്റിലുള്ള മുസ്ലീംലീഗ് പ്രതിനിധികളെല്ലാം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുല്‍ ഹമീദിന് ഒപ്പമാണ് യോഗത്തിനെത്തിയത്. അവര്‍ക്കിടയില്‍ പുതിയ അംഗങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയതിനാല്‍ എസ്എഫ്‌ഐ തടയാന്‍ ശ്രമിച്ചിരുന്നില്ല. അടുത്ത നിമിഷം പുതിയ അംഗങ്ങള്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാനമാണ് ലീഗിന്‌റെ പുതിയ അംഗങ്ങള്‍ ഓണ്‍ലൈനില്‍ പങ്കെടുക്കുന്നുണ്ടെന്ന വിവരം ഇടത് വിദ്യാര്‍ഥി നേതാക്കള്‍ അറിഞ്ഞത്.

അതേസമയം ഗവര്‍ണറുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ തടയാനെത്തിയ എസ്എഫ്‌ഐക്കാര്‍ ലിസ്റ്റിലുള്ള വിദ്യാര്‍ഥി പ്രതിനിധികളില്‍ ഒരാളായ എസ്എഫ്‌ഐ നേതാവ് കെ കെ അനുഷയെ തടഞ്ഞില്ല. അനുഷ സെനറ്റ് യോഗത്തില്‍ പങ്കെടുത്തു. വൈസ് ചാന്‍സ്‌ലര്‍ നല്‍കിയ പട്ടികയില്‍ നിന്ന് ഗവര്‍ണര്‍ തിരഞ്ഞെടുത്തയാളാണ് കെ കെ അനുഷയെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്‌റ് സെക്രട്ടറി ഇ അഫ്‌സല്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. അതുകൊണ്ട് അനുഷ പങ്കെടുത്തതില്‍ തെറ്റില്ലെന്ന നിലപാടിലാണ് എസ്എഫ്‌ഐ നേത്യത്വം. മറ്റൊരു എസ്എഫ്‌ഐ പ്രതിനിധിയായ എം എം സിയാന സ്ഥലത്തില്ലാത്തതിനാല്‍ സെനറ്റ് യോഗത്തിന് എത്തിയിരുന്നില്ല.

logo
The Fourth
www.thefourthnews.in