ഏഴ് വർഷത്തിനിടെ പ്രണയപ്പക ഇല്ലാതാക്കിയത് 21 ജീവനുകള്‍; പരുക്കേറ്റവർ 16, ശിക്ഷിക്കപ്പെട്ടത് ഒരാൾ മാത്രം
ഒരാഴ്ച മുന്‍പാണ് പെരുമ്പാവൂർ രായമംഗലത്തെ അൽക്ക അന്ന ബിനു എന്ന 21 കാരിയെ യുവാവ് വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ഇരിങ്ങോള്‍ സ്വദേശി ബേസില്‍(21) ആണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ് ചികിത്സയിലായിരുന്ന അല്‍ക്ക ബുധനാഴ്ച വൈകീട്ട് മരണത്തിന് കീഴടങ്ങി. പ്രണയപകയാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് പുറത്തുവരുന്ന വിവരം.
പ്രണയപക കഴിഞ്ഞ ഏഴു വർഷത്തിനിടെ സംസ്ഥാനത്ത് കവര്‍ന്നത് 20 പേരുടെ ജീവനുകളാണ് എന്നാണ് കണക്കുകള്‍. പെരുമ്പാവൂരിലെ അല്‍ക ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത അവസാന പേരുകാരിയാണ്. തൃക്കാക്കര എംഎല്‍എ ഉമ കെ തോമസിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
2016 മുൽ 2023 വരെ പ്രണയപ്പകയുമായി ബന്ധപ്പെട്ട് 31 ആക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. പ്രണയം നിരസിച്ചതിന്റെ പേരിലായിരുന്നു അക്രമങ്ങളില്‍ ഭൂരിഭാഗവും. 21 പേർക്ക് ജീവൻ നഷ്ടപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഈ വർഷങ്ങളിൽ ഒരാൾക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ഈ വർഷം ജൂൺ 20നാണ് എറണാകുളത്തെ മുനമ്പത്തിൽ റിപ്പോർട്ട് ചെയ്ത കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷയും 300,000 ലക്ഷം രൂപ പിഴയും ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് 37 പ്രതികളെ പോലീസ് കണ്ടെത്തിയിട്ടുണ്ടെങ്കിലും നിയമ നടപടയിലെ കാലതാമസം നീതി വൈകിപ്പിക്കുകയാണ്.
കുറ്റാരോപിതരായ പ്രതികളിൽ ഏഴ് പേർ മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കേസ് നടക്കുമ്പോൾ തന്നെ രണ്ട് പേർ ആത്മഹത്യ ചെയ്യുകയും അഞ്ചു പേർ മരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഏഴ് കേസുകൾ അനിശ്ചിതത്തിലായത്. കേരള മനസാക്ഷിയെ ഞെട്ടിച്ച പ്രണയപ്പകയുടെ ആക്രമണ സംഭവങ്ങളിൽ ഒരു കേസിന്റെ ചാർജ് ഷീറ്റ് മാത്രമാണ് കോടതിയിൽ സമർപ്പിച്ചത്. അതേ സമയം മൂന്നു കേസുകളുടെ വിചാരണ മാത്രമാണ് നടന്നത്. വിചാരണ കാത്ത് കഴിയുന്നതാകട്ടെ പതിനാലു കേസുകൾ.
രണ്ട് കേസുകളിലെ പ്രതികള്‍ മാത്രമാണ് കുറ്റവാളിയായി കോടതി കണ്ടെത്തിയത്. നെടുമ്പുഴയിൽ ഒരാളുടെ മരണത്തിന് കാരണക്കാരനായ് പ്രതിയും ഉദയംപേരൂരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളാണ് കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെട്ടത്. ആകെ നടന്ന 30 കേസുകളിൽ 29 കേസുകളിലും ലഹരി ഉപയോഗിക്കാതെയാണ് പ്രതികൾ കുറ്റകൃത്യം നടത്തിയതെന്നതും ആശങ്ക വർധിപ്പിക്കുകയാണ് . നാലുപേർക്ക് പരിക്കേറ്റ കല്ലംമ്പലത്തിലെ സംഭവത്തിലെ പ്രതി മാത്രമാണ് ലഹരി ഉപയോഗിച്ച് കുറ്റകൃത്യം നടത്തിയത്.