സംസ്ഥാനത്ത് ഹൃദയം കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു
ഹൃദയമിടിപ്പ് വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരികെ വരാൻ കാത്തിരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നു. എന്നാൽ, സംസ്ഥാനത്ത് അവയവദാനം ചെയ്യുന്നതിൽ ഹൃദയം നല്‍കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, ഹൃദയം മാറ്റിവയ്ക്കൽ പരീക്ഷണമായി കണ്ട് ശസ്ത്രക്രിയയില്‍ നിന്ന് പിന്മാറുന്നവരുമുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.
സംസ്ഥാനത്തിന്റെ മൃതസഞ്ജീവിനി പദ്ധതിയിൽ 61 പേരാണ് രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ, ഈ വർഷം നടന്ന 12 അവയവദാനത്തിൽ അഞ്ചുപേർ മാത്രമേ ഹൃദയം സ്വീകരിക്കാനായി മുന്നോട്ട് വന്നിട്ടുളളൂ. ഹൃദയമാറ്റം വിജയിക്കാതെ വന്നാൽ മരണസാധ്യത കൂടുതലാണെന്നതാണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തവരെപ്പോലും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. അതേസമയം, മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തവരെക്കാളും കൂടുതൽ പേർ സംസ്ഥാനത്ത് ഹൃദയം മാറ്റിവയ്ക്കുന്നതിനായി കാത്തിരിക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
അവയവദാനത്തിന് സന്നദ്ധരായി മുന്നോട്ട് വരുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിക്കുന്നതായി ആരോഗ്യമേഖലയിലുളളവർ പറയുന്നു. മസ്തിഷ്കമരണം നിർണയിക്കപ്പെടാത്തതും, അവയവദാനവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണയും വിവാദങ്ങളും കാരണം അവയവമാറ്റത്തെക്കുറിച്ച് ആശുപത്രികൾ കേന്ദ്രീകരിച്ച് നടന്ന വന്നിരുന്ന ബോധവത്കരണ പരിപാടികൾ കുറഞ്ഞതും അവയവദാനം കുറയാൻ കാരണമായിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിൽ പ്രതിവർഷം 20ൽ താഴെ മാത്രമെ അവയവദാനം നടക്കുന്നുളളൂ. അതുകൊണ്ട് തന്നെ അവയവദാനത്തെ കുറിച്ചും, പ്രത്യേകിച്ച് ഹൃദയമാറ്റ ശസ്ത്രക്രിയയെ കുറിച്ചും ബോധവത്കരണ പരിപാടികൾ കൂടുതലായി നടത്തണമെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നു.