പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി; സ്വമേധയാ പിന്‍വലിച്ച് ഹര്‍ജിക്കാരന്‍
പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി തള്ളുമെന്ന് ഹൈക്കോടതി. ഇതോടെ ഹര്‍ജിക്കാരന്‍ സ്വമേധയാ ഹര്‍ജി പിന്‍വലിച്ചു. പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയില്‍ അതിന് നിരക്കാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി ജോസഫ് നല്‍കിയ ഹര്‍ജിയാണ് പിന്‍വലിച്ചത്.
കുട്ടികളുടെ മനസിനെ ദോഷകരമായി സ്വാധീനിക്കുന്ന വിധത്തിലാണ് സിനിമ. അതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്നതടക്കമായിരുന്നു ആവശ്യം.
പണി സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്ത് നിരൂപകന്‍ ആദര്‍ശും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് നെഗറ്റീവ് റിവ്യു എഴുതുകയും സോഷ്യല്‍ മീഡിയയില്‍ പല ഇടങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് ജോജു ജോര്‍ജ് നിരൂപകനെ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.