കുടിവെള്ളത്തിൽ ഇ കോളി ബാക്ടീരിയ ; കാസർഗോഡ് ഗവ.കോളേജിലെ വിദ്യാര്‍ഥികളുടെ പരാതി ശരിവച്ച് റിപ്പോര്‍ട്ട്
കാസർഗോഡ് ഗവണ്‍മെൻ്റ് കോളേജിലെ കുടിവെള്ളത്തില്‍ മനുഷ്യ വിസര്‍ജ്യത്തിലടക്കം കാണപ്പെടുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി . കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വാട്ടർ പ്യൂരിഫയറിലെ വെള്ളം പരിശോധനക്ക് അയച്ചത് .
കഴിഞ്ഞ ദിവസങ്ങളിലായി കാസര്‍ഗോഡ് ഗവ.കോളേജിലെ വിദ്യാര്‍ഥികളും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിലുണ്ടായിരുന്ന ഡോ എന്‍ രമയുമായുള്ള പ്രശ്നങ്ങള്‍ വളര്‍ന്നു വരുന്ന സാഹചര്യത്തിലാണ് കുടിവെള്ളം മലിനീകരിക്കപ്പെട്ടുവെന്ന ഔദ്യോഗിക വിശദീകരണം . കുടിവെള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടാണ് എസ്എഫ്ഐ കാസര്‍ഗോട്ടെ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ എന്‍ രമയെ സ്ഥാനത്ത് നിന്ന് നീക്കിയത് . കുടിവെള്ള പ്രശ്‌നവുമായി പ്രിന്‍സിപ്പലിനു മുന്നില്‍ പരാതിയുമായി ചെന്ന വിദ്യാര്‍ഥികളെ പൂട്ടിയിടുകയും അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടല്‍ .
വാട്ടർ പ്യൂരിഫയറിലെ വെള്ളം മലിനമാണെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനാണ് വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പ്രിൻസിപ്പാളിനെ സമീപിച്ചത്. എന്നാൽ ഈ വെള്ളം കുടിച്ചാൽ മതിയെന്നും തനിക്ക് സമയമില്ലെന്നുമായിരുന്നു പ്രിൻസിപ്പാളിൻ്റെ മറുപടി എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. തുടർന്ന് പ്രശ്നം പരിഹരിക്കാതെ മടങ്ങില്ലെന്ന നിലപാടെടുത്ത് വിദ്യാർഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പ്രിൻസിപ്പൽ ചേംബർ പൂട്ടി പുറത്തിറങ്ങുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.15 ലധികം വിദ്യാർത്ഥികളാണ് പ്രിൻസിപ്പാൾ ചേംബറിൽ കുടുങ്ങിയത്. തുടർന്ന് പ്രിൻസിപ്പാൾ എം രമയ്ക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും വിദ്യാർത്ഥികൾ പരാതി നൽകുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്ക് നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമായിരുന്നു തന്റെ പ്രവര്‍ത്തനമെന്നുമായിരുന്നു പ്രിന്‍സിപ്പിലിന്റെ വാദം . റാഗിങ്ങിനും ലഹരി ഉപയോഗത്തിന്റെ പേരിലും എസ് എഫ് ഐ ക്കാര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട് . ഇതില്‍ അവര്‍ക്കെതിരെ പ്രിന്‍സിപ്പല്‍ എടുത്ത നടപടികളാണ് എസ് എഫ് ഐ യെ ചൊടിപ്പിച്ചതെന്നുമായിരുന്നു പ്രിന്‍സിപ്പലിന്റെ ആരോപണം.എന്നാല്‍ ടീച്ചര്‍ക്കെതിരെ നടപടി വന്നതിലുള്ള വിദ്വേഷമാണ് ആരോപണത്തിന് പിന്നില്ലെന്നായിരുന്നു എസ് എഫ്ഐയുടെ പ്രതികരണം .
അതേസമയം പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജായിരുന്ന രമയെ ഉപരോധിച്ച സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട് . എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പെടെ പത്ത് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ് . നിയമവിരുദ്ധമായ സംഘം ചേരല്‍ ,കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ , ദോഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് .