അടൂരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി സിനിമാ പ്രവര്‍ത്തകര്‍; അന്താരാഷ്ട്ര ചലചിത്രമേളയില്‍ വിദ്യാര്‍ഥി പ്രതിഷേധം

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനുള്‍പ്പെടെ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാട് എടുത്തതോടെയാണ് വിദ്യാര്‍ഥി പ്രതിഷേധം ശക്തമായത്.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ നടത്തുന്ന ജാതി വിവേചനത്തിനെതിരെ അന്താരാഷ്ട്ര ചലചിത്രമേളയിലും പ്രതിഷേധം . അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോറില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചലച്ചിത്രപ്രവര്‍ത്തകരായ ആഷിഖ് അബു, ബിജിബാല്‍, ജിയോ ബേബി, മഹേഷ് നാരായണന്‍, കമല്‍, ഷഹബാസ് അമന്‍, മനീഷ് നാരായണന്‍, വിധു വിന്‍സെന്റ്, സജിത മഠത്തില്‍ തുടങ്ങിയവരെല്ലാം പ്രതിഷേധത്തില്‍ അണി നിരന്നു. ജാതി വിവേചനം നടത്തുന്ന ഡയറക്ടര്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടറായ ശങ്കര്‍ മോഹന്‍ 2019 ല്‍ ചുമതലയേറ്റ ശേഷം കടുത്ത ജാതീയ വിവേചനങ്ങളും മാനസിക പീഡനങ്ങളും നടത്തിവരികയാണെന്ന് വിദ്യാര്‍ഥികളും ജീവനക്കാരും നിരന്തരം പരാതി ഉന്നയിക്കുകയാണ്. അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കിയിരുന്നെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് എത്തിയ വിദ്യാര്‍ഥികള്‍ക്കായി ബുക്ക് ചെയ്ത മുറികള്‍, യാതൊരു മുന്നറിയിപ്പും കൂടാതെ ക്യാന്‍സല്‍ ചെയ്ത പ്രതികാര നടപടിയടക്കം ഡയറക്ടറുടെ ഭാഗത്തു നിന്നുണ്ടായി. എന്നിട്ടും ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അടക്കം ശങ്കര്‍ മോഹനെ സംരക്ഷിക്കുന്ന നിലപാട് എടുത്തതോടെയാണ് വിദ്യാര്‍ഥി പ്രതിഷേധം ശക്തമായത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in