ബജറ്റ് ചോര്‍ന്നു - മൂന്നുപേര്‍ അറസ്റ്റില്‍; കേരളത്തിന്റെ ആദ്യ ബജറ്റ് ചോര്‍ന്ന കഥ

ബജറ്റ് ചോര്‍ന്നു - മൂന്നുപേര്‍ അറസ്റ്റില്‍; കേരളത്തിന്റെ ആദ്യ ബജറ്റ് ചോര്‍ന്ന കഥ

അവതരണത്തിന് മൂന്ന് ദിവസം മുൻപ് ബജറ്റ് ചോർന്നു
Updated on
1 min read

ഈ ബജറ്റൊക്കെ ചോര്‍ന്നാല്‍ എന്തു സംഭവിക്കും.  പലതും സംഭവിക്കും. ചോര്‍ന്നാല്‍പ്പിന്നെ ചോര്‍ത്തുന്നവര്‍ക്കെതിരെ കേസ് പൂക്കാറ്, അറസ്റ്റ് പിഴ ഒക്കെയുണ്ടാകും. പക്ഷേ, എന്നുവെച്ച് ചോര്‍ത്താതിരിക്കാന്‍ പറ്റുമോ. എന്തു ചെയ്യാനാണ്. ഗണപതിക്കുവെച്ചത് കാക്കകൊണ്ടുപോയി എന്നു പറഞ്ഞതുപോലെ നമ്മുടെ ആദ്യ ബജറ്റ് തന്നെ ചോര്‍ന്നുപോയി.

ധനമന്ത്രി ക്ഷുഭിതനായി, ബജറ്റ് ചോർത്തി നൽകിയ പത്രപ്രവർത്തന രീതിയെ നിശിതമായി വിമർശിച്ചു

1957 ഏപ്രില്‍ അഞ്ചിന് അധികാരത്തിലെത്തിയ ഇ.എം.എസ്. സര്‍ക്കാരിന്റെ ആദ്യ ബജറ്റിനായിരുന്നു ഈ ദുര്യോഗം. ധനകാര്യമന്ത്രി സി.അച്യൂതമേനോന്‍ ആയിരുന്നു. അദ്ദേഹം കേരളസംസ്ഥാനത്തിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ജൂണ്‍ എട്ടിനായിരുന്നു. ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറായി അച്യുതമേനോന്‍ എത്തുന്നതിന് മൂന്നു ദിവസം മുമ്പുതന്നെ അതിലെ ഉള്ളടക്കം നാടെങ്ങും വാര്‍ത്തയായിക്കഴിഞ്ഞിരുന്നു. വിഖ്യാത പത്രാധിപരായിരുന്ന കെ.ബാലകൃഷ്ണന്റെ കൗമുദി പത്രം മൂന്നുദിവസം മുമ്പേ ബജറ്റ് ചോര്‍ത്തി പ്രസിദ്ധീകരിക്കുകയായിരുന്നു

ഒന്നും രണ്ടും പ്രതികള്‍ക്ക് കോടതി പിഴ വിധിച്ചു

കമ്യൂണിസറ്റ് സര്‍ക്കാരിനെ അക്കാലത്ത് എതിര്‍ത്തിരുന്ന ആര്‍.എസ്.പിയുടെ മുഖപത്രമായിരുന്നു കൗമുദിപ്പത്രം. ജൂണ്‍ അഞ്ചാം തീയതി പത്രം തുറന്ന മന്ത്രിസഭാംഗങ്ങള്‍ മാത്രമല്ല കേരളം മുഴുവന്‍  ഞെട്ടി. കൗമുദി പത്രത്തിന്റെ പ്രധാന തലക്കെട്ടും മറ്റ് വാര്‍ത്തകളും എട്ടാം തീയതി അവതരിപ്പിക്കുന്ന ബജറ്റായിരുന്നു. കേരളത്തിന് മൂന്നുകോടി രൂപയുടെ കമ്മി ബജറ്റ് - അതായിരുന്നു ഒന്നാം പേജില്‍ എട്ടുകോളത്തില്‍ വന്ന തലക്കെട്ട്. ഇതോടെ ധനമന്ത്രി ക്ഷുഭിതനായി. ബജറ്റ് അവതരണത്തിന്റെ തലേന്ന് ഏഴാം തീയതി ബജറ്റ് ചോര്‍ന്നതിനെക്കുറിച്ചുള്ള പ്രസ്താവനയുമായിട്ടാണ് ധനമന്ത്രി സി.അച്യുതമേനോന്‍ നിയമസഭയില്‍ എത്തിയത്. ഇത്തരത്തിലുള്ള പത്രപ്രവര്‍ത്തനത്തെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. പിന്നാലെ, പത്രാധിപര്‍ കെ.ബാലകൃഷ്ണന്‍, ബജറ്റ് ചോര്‍ത്തി വാര്‍ത്ത നല്‍കിയ തിരുവനന്തപുരം സിറ്റി എഡിറ്റര്‍ ജി.വേണുഗോപാല്‍, ഗവ.പ്രസിലെ ആര്‍.എസ്.പി.വര്‍ക്കേഴ്‌സ് യൂണിയന്‍ സെക്രട്ടറി പി.ചന്ദ്രശേഖരപിള്ള എന്നിവരെ അറസ്റ്റ് ചെയ്തു.

കെ.ബാലകൃഷ്ണന്‍ ഒന്നാംപ്രതി. ജി.വേണുഗോപാല്‍, ചന്ദ്രശേഖരന്‍പിള്ള എന്നിവര്‍ രണ്ടും മൂന്നും പ്രതികള്‍. ഒടുവില്‍ കേസ് വിധിയായി. ഒന്നും രണ്ടും പ്രതികള്‍ക്ക് 40 രൂപ പിഴ വിധിച്ചപ്പോള്‍ മൂന്നാം പ്രതി ചന്ദ്രശേഖരപിള്ളയെ കോടതി വെറുതെവിട്ടു.

പത്രാധിപര്‍ ബാലകൃഷ്ണന്‍ എന്നിട്ടും സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം ഒട്ടും മയപ്പെടുത്തിയില്ല. അദ്ദേഹം ധനമന്ത്രിയെ ഉന്നംവെച്ച് വീണ്ടും കൗമുദിയില്‍ ഇങ്ങനെ എഴുതി.  ധനകാര്യമന്ത്രിയുടെ ആദ്യത്തെ ബജറ്റ് തന്നെ അതുവെച്ചു വാങ്ങിയ വാര്‍പ്പോടുകൂടി കാണാതെപോയി. മറ്റൊരു രാജ്യത്തായിരുന്നെങ്കില്‍ കലവറ കാവല്‍ക്കാര്‍ ശിക്ഷിക്കപ്പെടുമായിരുന്നു. അവരുടെ മേലധികാരിയായ ധനകാര്യമന്ത്രിതന്നെ രാജിവെയ്ക്കുകയും ചെയ്യുമായിരുന്നു. ഇവിടെയാകട്ടെ അടുക്കളയമ്മ തട്ടിത്തൂവിയ പാല്‍ നക്കിക്കുടിച്ച പൂച്ചയുടെ മുതുകത്താണ് തവിക്കണ വീണത്. പക്ഷേ, പാര്‍ലമെന്ററി ഡെമോക്രസിയുടെ പ്രവര്‍ത്തനത്തില്‍ നവംനവങ്ങളായ ടോട്ടലിറ്റേറിയന്‍ കീഴ്വഴക്കങ്ങള്‍ അനുദിനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മന്ത്രിസഭയില്‍ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ല.

പിന്നെയും ബജറ്റ് ചോര്‍ച്ചയൊക്കെ ആരോപണമായി ഉയര്‍ന്നിട്ടുണ്ടെങ്കിലും അതൊന്നും ഇത്തരത്തലുള്ള വലിയ വാര്‍ത്തയായി മാറിയില്ല.

logo
The Fourth
www.thefourthnews.in