വിഴിഞ്ഞം പ്രതിഷേധം അഞ്ചാം ദിവസം; ചർച്ചയ്ക്ക് ശേഷവും സമരം; പരിഹാരമാകാന്‍ ഇനി എന്തൊക്കെ?
വിഴിഞ്ഞം തുറമുഖത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്നും തുടരും. കൂടുതല്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് സമരത്തില്‍ പങ്കാളികളാകും. വിഴിഞ്ഞം ഇടവകയാണ് അഞ്ചാംദിവസം സമരത്തിന് നേതൃത്വം നല്‍കുന്നത്. സമാധാനമായി പ്രതിഷേധിക്കണമെന്ന സര്‍ക്കാര്‍ അഭ്യര്‍ത്ഥന മാനിച്ചായിരിക്കും ഇന്നത്തെ പ്രതിഷേധം.
ഇന്നലെ മന്ത്രിമാരായ വി അബ്ദുറഹ്മാനും ആന്റണി രാജുവും സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ സമവായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സമരമിതി. മുന്നോട്ടുവച്ച ഏഴ് ആവശ്യങ്ങളും അംഗീകരിക്കും വരെ സമരം തുടരാനാണ് തീരുമാനം. മണ്ണെണ്ണക്ഷാമം, തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ആഘാതപഠനം നടത്തുക തുടങ്ങിയ വിഷയങ്ങളില്‍ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്നാണ് ഇന്നലത്തെ കൂടിക്കാഴ്ചയിലെ ധാരണ. ക്യാമ്പുകളില്‍ കഴിയുന്നവരെ ഒരാഴ്ചയ്ക്കകം വാടകവീടുകളിലേക്ക് മാറ്റിപാർപ്പിക്കുമെന്ന് മന്ത്രിമാർ ഉറപ്പ് നല്‍കി. സ്ഥിരമായി പുനരധിവാസം ഉടന്‍ നടപ്പിലാക്കുമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.
സമരസമിതിയുടെ ആവശ്യങ്ങള്‍
മണ്ണെണ്ണ വില വർധനവിൽ സംസ്ഥാന സർക്കാർ ഇടപെടണം. തമിഴ്നാട് നൽകുന്നത് പോലെ വില കുറച്ച് മണ്ണെണ്ണ നൽകണം.
തീരശോഷണത്തിന് പരിഹാരം കാണണം. വിഴിഞ്ഞത്ത് 340 ഓളം വീടുകളാണ് തീരശോഷണത്തിൽ കടലെടുത്തത്. നിലവിൽ 200 ഓളം വീടുകൾ പകുതി തകർന്ന അവസ്ഥയിലാണ്. വിഴിഞ്ഞം തുറമുഖ നിർമാണം ആരംഭിക്കുന്നതിന് മുൻപ് ഇത്രമാത്രം തീരശോഷണം സംഭവിച്ചിട്ടില്ലെന്നാണ് സമരസമിതിയുടെ ആരോപണം.
തുറമുഖ നിർമാണം നിർത്തിവെച്ച് മത്സ്യത്തൊഴിലാളികളെ കൂടി ഉൾപ്പെടുത്തി പഠനം നടത്തണം.
വീട് നഷ്ടപ്പെട്ടവർക്ക് സ്ഥലത്തിന്റെയും വീടിന്റെയും നഷ്ടപരിഹാരവും പുനരധിവാസവും നൽകണം
ക്യാമ്പില്‍ കഴിയുന്നവരെ പുനരധിവസിപ്പിച്ച് വീടിന്റെ വാടക നല്‍കണം.
മുതലപ്പൊഴി ഹാർബറുമായി ബന്ധപ്പെട്ട് നിരന്തരം അപകടങ്ങളുണ്ടാകുന്നുവെന്നതാണ് ഉന്നയിക്കപ്പെട്ട മറ്റൊരു പ്രശ്നം. അശാസ്ത്രീയമായ ഹാർബർ നിർമാണത്തെ തുടർന്നാണ് വള്ളങ്ങള്‍ മറിയുന്നതെന്നാണ് ആരോപണം.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കടലില്‍ പോകാന്‍ കഴിയാതെ തൊഴിൽ നഷ്ടമാകുന്നവർക്ക് മിനിമം വേതനം നൽകണം.
എന്തൊക്കെ പരിഹരിച്ചു
കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് വാടകവീടുകളിലേക്ക് മാറി താമസിക്കാന്‍ ആവശ്യമായ വാടക തുക നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സമിതിയെ നിയോഗിച്ചു. ജില്ലാ കളക്ടര്‍ അധ്യക്ഷനും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും മറ്റു ഉദ്യോഗസ്ഥരും അടങ്ങുന്ന സമിതി ഓഗസ്റ്റ് 27 നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിർദേശം.
കാലാവസ്ഥാ മുന്നറിയിപ്പ് മൂലം മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാത്ത ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഫിഷറീസ് ഡയറക്ടറെ ചുമതലപ്പെടുത്തി.
മണ്ണെണ്ണ വിതരണത്തിലെ ക്രമക്കേടുകള്‍ ഒഴിവാക്കാന്‍ മത്സ്യഫെഡിന് മണ്ണെണ്ണ വിതരണ അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഫിഷറീസ് മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രുപാലയെ മന്ത്രി അബ്ദുറഹ്മാന്‍ സന്ദര്‍ശിച്ച് കേരള തീരമേഖലയിലെ വിഷയങ്ങള്‍ ഉന്നയിച്ചിരുന്നു.
മുതലപ്പൊഴി ഫിഷിങ് ഹാര്‍ബര്‍ നിര്‍മാണത്തിലെ അപാകതകള്‍ സംബന്ധിച്ച് പഠനം നടത്തി, തദ്ദേശവാസികളായ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായവും കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കും. ഇതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ്ങ് വകുപ്പ് ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തി.
പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയതുറയില്‍ 192 ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമി കൈമാറ്റ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ മന്ത്രിതല യോഗം ഈ മാസം 22 ന് തിരുവനന്തപുരത്ത് ചേരും.