ഡയറക്ടറുടെ പ്രതികാര നടപടി; ഫിലിം ഫെസ്റ്റിവെലിനെത്തിയ  വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ ഇടമില്ല

ഡയറക്ടറുടെ പ്രതികാര നടപടി; ഫിലിം ഫെസ്റ്റിവെലിനെത്തിയ വിദ്യാര്‍ഥികള്‍ക്ക് താമസിക്കാന്‍ ഇടമില്ല

ഡയറക്ടർ ജാതീയ വിവേചനം നടത്തുന്നെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ സമരം നടത്തുന്ന പശ്ചാത്തലത്തിലാണ് പ്രതികാരം
Updated on
1 min read

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളെ പെരുവഴിയിലാക്കി സ്ഥാപനമേധാവിയുടെ പ്രതികാരം. തിരുവനന്തപുരത്ത് എത്തിയ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അവസാന നിമിഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് താമസ സൗകര്യം നിഷേധിച്ചത്. അമ്പതോളം വിദ്യാര്‍ഥികളാണ് ഇന്നലെ രാത്രി താമസ സൗകര്യമില്ലാതെ ബുദ്ധിമുട്ടിലായത്. നേരത്തെ വിളിച്ച് ബുക്ക് ചെയ്തിരുന്ന മുറികള്‍ അവസാന നിമിഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിളിച്ച് ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടർക്കെതിരെ വിദ്യര്‍ഥികള്‍ സമരം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം. തങ്ങള്‍ക്കെതിരെയുള്ള ഡയറക്ടറുടെ പ്രതികാര നടപടിയാണ് ഇതെന്ന് വിദ്യാര്‍ഥികളുടെ പരാതി

ഇന്നലെ വൈകുന്നേരം ആറ് മണിക്കാണ് ജുവല്‍ പ്ലാസ ടൂറിസ്റ്റ് ഹോമില്‍ വിദ്യാര്‍ഥികള്‍ക്കായി ബുക്ക് ചെയ്തിരുന്ന 14 റൂമുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിളിച്ച് ക്യാന്‍സല്‍ ചെയ്തത്. ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും തങ്ങള്‍ക്ക് ലഭിച്ചിരുന്നില്ലെന്ന് കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥി അശ്വിന്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. സാധാരണയായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്കായി താമസ സൗകര്യം ഏര്‍പ്പാട് ചെയ്യുന്നത്. 25,000 രൂപ നല്‍കി അഡ്വാന്‍സ് ബുക്കിങ് ചെയ്ത മുറികളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ക്യാന്‍സല്‍ ചെയ്തതെന്ന് അശ്വിന്‍ പറയുന്നു. അവസാന നിമിഷം വിളിച്ച് മുറികള്‍ ക്യാന്‍സല്‍ ചെയ്തതിനാല്‍ ടൂറിസ്റ്റ് ഹോമിലെ നിയമപ്രകാരം അഡ്വാന്‍സ് തുക തിരിച്ച് ലഭിക്കില്ല. കാര്യങ്ങള്‍ അറിയാന്‍ ഡീനിനെ വിളിച്ചിരുന്നെങ്കിലും ഇതിന്റെ ചുമതല തനിക്കല്ലെന്ന് പറഞ്ഞ് ഡീന്‍ കൈയൊഴിഞ്ഞു. പിന്നീട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ലെന്ന് അശ്വിന്‍ പറഞ്ഞു.

മറ്റുവഴികളില്ലാതെ വിദ്യാര്‍ഥികള്‍ ചലചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെ ബന്ധപ്പെടുകയും ഐഎഫ്എഫ്‌കെയുടെ പ്രതിനിധികള്‍ എത്തി ഇവർക്ക് താത്ക്കാലിക താമസ സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നു. ഐഎഫ്എഫ്‌കെയുടെ ചെലവില്‍ വൈലോപ്പിളളി സംസ്‌കൃതി ഭവനിലും മറ്റുമായി താമസം ഒരുക്കിക്കൊടുത്തത്. എന്നാല്‍ ഇന്നലെ ഒരു ദിവസത്തേക്ക് മാത്രമാണ് ഈ സൗകര്യം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചത്.

പഠനത്തിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ഐഎഫ്എഫ്‌കെയ്ക്ക് എത്തുന്നതെന്നും നിലവില്‍ മറ്റ് വര്‍ക്ക്‌ഷോപ്പും കാര്യങ്ങളുമൊന്നുമില്ലാത്തതിനാല്‍ ഐഎഫ്എഫ്‌കെ മാത്രമാണ് ചലച്ചിത്രപഠനത്തിന് തങ്ങളുടെ മുന്നിലുള്ള വഴിയെന്നും സ്റ്റുഡന്‍സ് കൗണ്‍സില്‍ ചെയര്‍മാന്‍ ശ്രീദേവ് ദ ഫോര്‍ത്തിനോട് പറഞ്ഞു. അമ്പത്തിരണ്ട് പേരുള്ള ഒന്നാം വര്‍ഷ ബാച്ചിനാണ് ഐഎഫ്എഫ്‌കെയ്ക്ക് പോകാന്‍ അവസരം നല്‍കുന്നത്. സീനിയര്‍ വിദ്യാര്‍ഥികള്‍ക്ക് ഗോവയില്‍ ഐഫ്എഫ്എഫ്‌ഐക്ക് പോകാനുള്ള അവസരവുമാണ് എല്ലാ വര്‍ഷവും സ്ഥാപനം നല്‍കാറുള്ളത്.

ഡയറക്ടര്‍ ശങ്കർ മോഹനെതിരെ ജാതി വിവേചനത്തിനൊപ്പം മറ്റ് ഗൗരവമായ പരാതികള്‍ കൂടി ഉയര്‍ന്നതോടെയാണ് വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി സമരം ആരംഭിച്ചത്. സമരത്തിന് മുമ്പ തന്നെ ഐഎഫ്എഫ്‌കെയ്ക്ക് പോകേണ്ട വിദ്യാര്‍ഥികള്‍ക്ക് മുറികള്‍ ബുക്ക് ചെയ്തിരുന്നു. അത്തരത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത മുറികളാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് യാതൊരു അറിയിപ്പും നല്‍കാതെ ക്യാന്‍സല്‍ ചെയ്‌തെന്ന് ശ്രീദേവ് കൂട്ടിചേര്‍ത്തു. ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ ഫോണ്‍ എടുക്കാനോ ഈ വിഷയത്തില്‍ പ്രതികരിക്കാനോ തയാറായില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. ഈ വിഷയത്തില്‍ മന്ത്രി ആര്‍ ബിന്ദുവും വിദ്യാര്‍ഥികളും തമ്മില്‍ ഇന്ന് ചര്‍ച്ച നടക്കും.

logo
The Fourth
www.thefourthnews.in