തെരുവ് നായ കടിച്ചാല്‍ അതിന്റെ ചിലവ് നല്‍കേണ്ട  ഉത്തരവാദിത്വം പരിപാലിക്കുന്നവര്‍ക്കെന്ന് സുപ്രീംകോടതി

തെരുവ് നായ കടിച്ചാല്‍ അതിന്റെ ചിലവ് നല്‍കേണ്ട ഉത്തരവാദിത്വം പരിപാലിക്കുന്നവര്‍ക്കെന്ന് സുപ്രീംകോടതി

വാക്സിനേഷനും നായയെ സംരക്ഷിക്കുന്നവര്‍ എടുക്കണം
Updated on
1 min read

തെരുവ് നായ ആക്രമിച്ചാല്‍ അതിന്റെ ചിലവ് നല്‍കേണ്ട ഉത്തരവാദിത്വം സംരക്ഷണം നല്‍കുന്നവര്‍ക്കായിരിക്കുമെന്ന് സുപ്രീം കോടതി. തെരുവു നായകള്‍ക്ക് ഭക്ഷണം നല്‍കുന്നവരായിരിക്കണം വാക്‌സിനേഷന്‍റെയും ചുമതലയെന്നും കോടതി വ്യക്തമാക്കി. കേരളത്തിലെ തെരുവ് നായ്ക്കളുടെ കൊലപ്പെടുത്തുതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വാക്കാല്‍ പരാമര്‍ശം നടത്തിയത്.

'ഞാനും ഒരു നായ പ്രേമിയാണ്. എന്നാല്‍ നിലവിലെ സാഹചര്യത്തിന് പരിഹാരം കാണേണ്ടതുണ്ട്. നായ്ക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നവര്‍ തന്നെ അവയ്ക്ക് വാക്‌സിന്‍ എടുക്കണം. നായ്ക്കള്‍ ആരെയെങ്കിലും ആക്രമിച്ചാല്‍ അതിന്‍റെ ചിലവുകള്‍ വഹിക്കേണ്ടതിന്‍റെ ഉത്തരവാദിത്തവും സംരക്ഷിക്കുന്നവര്‍ക്കായിരിക്കും'. ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

പേവിഷബാധക്ക് എതിരെയുള്ള വാക്‌സിന്‍ എടുത്തിട്ടും 12 വയസുകാരി മരിച്ച സാഹചര്യത്തിലാണ് വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് അഡ്വ. വി കെ ബിജുവാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. അപകടകാരിയായ നായകളെ ഇല്ലാതാക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരമായ സാഹചര്യമാണ് തെരുവ് നായകളുടെ കാര്യത്തില്‍ കേരളത്തിലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വ. വി ഗിരി പറഞ്ഞു. നായ്ക്കളെ കൊല്ലുന്ന കാര്യത്തില്‍ വേഗത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എല്ലാ കക്ഷികളുടെയും വാദം കേട്ടതിന് ശേഷം മാത്രമെ ഉത്തരവ് പുറപ്പെടുവിക്കുവെന്നും ജസ്റ്റിഡ് ഖന്ന പറഞ്ഞു. കേന്ദ്ര ചട്ടങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തെരുവ് നായ വിഷയത്തില്‍ 2016 ല്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനെ സുപ്രീംകോടതി നിയോഗിച്ചിരുന്നു. തെരുവ് നായകളുടെ ആക്രമണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കമ്മീഷനോട് സുപ്രീംകോടതി റിപ്പോര്‍ട്ട് തേടി. സെപ്റ്റംബര്‍ 28 ലേക്ക് ഹര്‍ജി പരിഗണിക്കുന്നതിനായി മാറ്റി. 2015 ലാണ് തെരുവുനായ്ക്കളെ പിടികൂടി നശിപ്പിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെയാണ് ആനിമല്‍ വെല്‍ഫെയര്‍ ഓഫ് ഇന്ത്യയും മറ്റു കക്ഷികളും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

logo
The Fourth
www.thefourthnews.in