ഒടുവിൽ പിടിയിലായി 'പിടി 7'; ആനയെ കാടിന് പുറത്ത് എത്തിക്കാന്‍ ശ്രമം തുടരുന്നു
പാലക്കാട് ധോണിയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ പി ടി 7നെ മയക്കുവെടി വെച്ചു. ചീഫ് വെറ്റിനറി സർജൻ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള ടസ്കർ 7 ദൗത്യ സംഘമാണ് ഒറ്റയാനെ മയക്കുവെടി വെച്ചത്. ധോണിയിലെ കോർമ എന്ന സ്ഥലത്താണ് ആനയെ കണ്ടെത്തി മയക്കുവെടിവെച്ചത്. ഉൾക്കാട്ടിനും ജനവാസ മേഖലയ്ക്കും ഇടയിലുള്ള സ്ഥലത്ത് വെച്ചാണ് ആനയെ വെടിവെച്ചതെന്നാണ് വിവരം. മയക്കുവെടി വെച്ചാൽ അരമണിക്കൂർ മുതൽ മുക്കാൽ മണിക്കൂർ വരെയാണ് ആന മയങ്ങി വീഴാനുള്ള സമയം. ഇതിനുശേഷം ആനയെ കൂട്ടിലാക്കും. ആനയെ കൊണ്ടുവരാനുള്ള ലോറിയും ജെസിബിയും ധോണിയിലെ ക്യാമ്പിൽ നിന്നും വനത്തിലേക്ക് തിരിച്ചു. മയക്കുവെടിയിൽ നിന്ന് ഉണരുന്നതിന് മുൻപ് ആനയെ ഫോറസ്റ്റ് സ്റ്റേഷനിൽ എത്തിക്കാനാണ് നീക്കം.
പി ടി 7നെ ലോറിയിൽ കയറ്റാനായി രണ്ട് കുങ്കിയാനകളെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചെങ്കുത്തായ മലയിടുക്കിൽ നിലയുറപ്പിച്ചതിനെ തുടർന്ന് പി ടി 7നെ പിടികൂടാനുള്ള ശ്രമം ഇന്നലെ അവസാനിപ്പിക്കുകയായിരുന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളായി ജനവാസ കേന്ദ്രത്തിൽ ഇറങ്ങി നാശനഷ്ടങ്ങളുണ്ടാക്കുന്ന പി ടി 7നെ പേടിച്ച് വൈകിട്ട് ആറ് മണിക്ക് ശേഷം ആളുകൾ പുറത്തിറങ്ങാറില്ലായിരുന്നു. കഴിഞ്ഞ ദിവസം ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വീടിന്റെ സംരക്ഷണ ഭിത്തി തകർത്തിരുന്നു. ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് ആനയെ തളയ്ക്കാന്‍ ദൗത്യസംഘം ഇറങ്ങിയത്.