നിരത്തിലെ 'അസുര'വിളയാട്ടം; കേരളത്തില്‍ ഈ വര്‍ഷം മാത്രം പിഴയിട്ടത് 10000 ല്‍ അധികം രൂപ
അമിതവേഗത്തില്‍ പാഞ്ഞ് കെഎസ്ആർടിസി ബസിലിടിച്ച് അപകടമുണ്ടാക്കിയ ലൂമിനസ് അസുര എന്ന ടൂറിസ്റ്റ് ബസിനെതിരെയുള്ളത് നിരവധി കേസുകൾ. എയര്‍ഹോണ്‍ ഉപയോഗിച്ചതിനും, ടാക്‌സ് അടയ്ക്കാതെ നിരത്തിലിറക്കിയതിനും വിവിധ ജില്ലകളിലായി 5 കേസുകളാണ് നിലവിലുള്ളത്. എയര്‍ഹോണ്‍ ഉപയോഗിച്ചതിനും, ടാക്‌സ് അടയ്ക്കാതെ നിരത്തിലിറക്കിയതിനും ചങ്ങനാശേരിയില്‍ നിന്ന് കഴിഞ്ഞ ജനുവരി പത്തിന് 9500 രൂപ പിഴ ഈടാക്കി . നിരോധിച്ച ലൈറ്റുകള്‍ ഘടിപ്പിച്ചതിന് ഏപ്രില്‍ 28 ന് കോട്ടയം തോട്ടക്കാട് നിന്നും വാഹനത്തിന് പിഴ ഈടാക്കിയിരുന്നു. കോട്ടയം, തിരുവനന്തപുരം എന്നീ ജില്ലകളിലും 'അസുരനെ' മോട്ടോര്‍വാഹനവകുപ്പ് പിടികൂടിയിരുന്നു.
2021 ഡിസംബറിലും 2022 ഫെബ്രുവരി, ഏപ്രില്‍, സെപ്റ്റംബർ മാസങ്ങളിലും ഒരേ കുറ്റത്തിന് വാഹനം പിടിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്
ഇത്തരത്തില്‍ പിഴ ഈടാക്കിയാല്‍ അധിക ഫിറ്റിങ്‌സുകള്‍ അഴിച്ചുമാറ്റി ഹാജരാക്കാന്‍ എംവിഡി ആവശ്യപ്പെടാറുണ്ട്, എന്നാല്‍ 2021 ഡിസംബറിലും 2022 ഫെബ്രുവരി, ഏപ്രില്‍, സെപ്തംബര്‍ മാസങ്ങളിലും ഒരേ കുറ്റത്തിന് വാഹനം പിടിക്കപ്പെട്ടത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് വ്യക്തമാകുന്നത്. വാഹനത്തിന്റെ വേഗം നിയന്ത്രിക്കുന്ന സ്പീഡ് ഗവര്‍ണറുകള്‍ ബസുകളില്‍ ഘടിപ്പിക്കണമെന്ന നിയമമുണ്ടെങ്കിലും അവയെല്ലാം കാറ്റില്‍പ്പറത്തിയായിരുന്നു ലൂമിനസ് അസുരയുടെ മരണക്കുതിപ്പ്. വേളാങ്കണ്ണിയാത്ര കഴിഞ്ഞു വന്ന ഉടൻ തന്നെയാണ് വാഹനവും ഡ്രൈവറും അടുത്ത യാത്രയ്ക്കായി എത്തിയതും, 97 കിലോമീറ്റര്‍ വേഗത്തില്‍ മരണപ്പാച്ചില്‍ നടത്തിയതും. മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനകള്‍ കാര്യക്ഷമമല്ലെന്നതിന്റെ അവസാനത്തെ ഉദാഹരണമായിരുന്നു ഇന്നത്തെ അപകടം.
അസുര താണ്ഡവം അവസാനിച്ചപ്പോള്‍ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 9 പേരുടെ ജീവനും ജീവിതത്തിനുമാണ് അന്ത്യമായത്. ബസ് ജീവനക്കാരുടെ കൊറോണക്കാലത്തെ കഷ്ടപ്പാടുകളോ ന്യായീകരണങ്ങളോ ഒന്നും നിരപരാധികളായ കുരുന്നുജീവനുകള്‍ക്ക് പകരമാകില്ല. മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഇത്തരം നിയമലംഘനത്തിന് കൈയ്യടിക്കുന്നവര്‍ ഇനിയെങ്കിലും മനസിലാക്കണം. മോട്ടോര്‍ വകുപ്പിന്റ മിന്നല്‍ പരിശോധനകളൊക്കെ മിന്നല്‍ വേഗത്തില്‍ അവസാനിക്കുമ്പോള്‍ ഇത്തരം നിയമലംഘകര്‍ വീണ്ടും തലപൊക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ മൂക്കിനു കീഴെ നടക്കുന്ന ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ശക്തമാക്കിയില്ലെങ്കില്‍ ഇത്തരം നിയമലംഘകരുടെ നരനായാട്ട് ഇനിയും തുടരും.
ഇത്തരം മോഡിഫിക്കേഷനുകള്‍ ലക്ഷ്യം വെക്കുന്നതാരെ?
ഇന്ന് അപകടത്തില്‍പ്പെട്ട ബസിന്റെ മാത്രം കാര്യമല്ല ഇത് , കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഒട്ടുമിക്ക ടൂറിസ്റ്റ് ബസുകളിലും ഇത്തരം നിയമലംഘനങ്ങള്‍ വ്യാപകമായി കണ്ടുവരുന്നു.ലൈറ്റുകളും കാതടപ്പിക്കുന്ന എയര്‍ഹോണുകളും ബാസ്ട്യൂബുകളും കുത്തിനിറച്ച് നിരത്തിലിറങ്ങുന്ന ഇത്തരം ബസുകള്‍ക്ക് ആരാധകര്‍ നിരവധിയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന അഭ്യാസപ്രകടനങ്ങള്‍ക്ക് ലൈക്കും കമെന്റും നല്‍കി കൈയ്യടിക്കുന്നവരാരും ഇത്തരം വാഹനങ്ങളുണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നതാണ് വാസ്തവം. അഥവാ വാഹനത്തിനെതിരെ നിയമനടപടി സ്വീകരിച്ചാല്‍ അതും കൊട്ടിഘോഷിക്കാനുള്ള വാര്‍ത്തയാണ് ഇത്തരക്കാര്‍ക്ക്.
എയര്‍ഹോണുകള്‍ പ്രവര്‍ത്തിക്കുന്നത്
വാഹനം വാങ്ങിയ ശേഷം ലക്ഷക്കണക്കിന് രൂപയുടെ അധിക ഫിറ്റിങ്ങുകളാണ് ഇത്തരം ബസുകളില്‍ ഘടിപ്പിക്കുന്നത്. ഈണത്തിലും താളത്തിലും മുഴക്കുന്ന എയര്‍ഹോണുകളും ആരാധകരെ ഹരം കൊള്ളിക്കും. എന്നാൽ എയര്‍ഹോണുകള്‍ പ്രവര്‍ത്തിക്കുന്നത് വാഹനത്തിന്റെ ബ്രേക്കിങ് സിസ്റ്റത്തില്‍ നിന്നുള്ള എയർ ഉപയോഗിച്ചാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഘടിപ്പിക്കുന്ന സമയത്ത് എന്തെങ്കിലും തരത്തിലുള്ള പിഴവ് സംഭവിച്ചാല്‍ വാഹനത്തിന്റെ ബ്രേക്കിങ് സംവിധാനത്തെ തന്നെ തകരാറിലാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അധികമായി ചെയ്യുന്ന ഇലക്ട്രിക്കല്‍ മോഡിഫിക്കേഷനുകളില്‍ ഉണ്ടാകുന്ന പിഴവുകള്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനും തീപിടുത്തത്തിനും കാരണമാകും.എന്നിട്ടും ഇത്തരം നിയമലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കുകയാണ് അധികാരികള്‍.