'കത്ത് തയ്യാറാക്കിയിട്ടില്ല, മാധ്യമങ്ങളിലൂടെ മാത്രമാണ് അത് കണ്ടത്': നഗരസഭാ ജീവനക്കാരുടെ മൊഴി
നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭയിലെ രണ്ട് ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മേയറുടെ ഓഫീസിലെ ജീവനക്കാരായ വിനോദ്, ഗിരീഷ് എന്നിവരുടെ മൊഴിയാണ് അന്വേഷണസംഘം എടുത്തത്. നിയമനത്തിന് പട്ടിക ആവശ്യപ്പെട്ടുകൊണ്ട് കത്ത് തയ്യാറാക്കിയിട്ടില്ലെന്ന് ഇരുവരും പറഞ്ഞു. മാധ്യമങ്ങളിലൂടെ മാത്രമാണ് കത്ത് കണ്ടത്. ലെറ്റര്‍ പാഡ് സൂക്ഷിച്ചിരുന്നത് ജീവനക്കാര്‍ക്ക് എടുക്കാവുന്ന രീതിയിലാണെന്നും ഇരുവരും പറഞ്ഞു.
അതേസമയം, കത്ത് വിവാദത്തെക്കുറിച്ച് അന്വേഷണ കമ്മീഷനെ നിയമിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. വിവാദം ജില്ലാ കമ്മിറ്റി യോഗം ചർച്ച ചെയ്തിട്ടില്ലെന്നും ആനാവൂർ നാഗപ്പൻ വ്യക്തമാക്കി. കത്ത് വ്യാജമായി ഉണ്ടാക്കിയതാകാമെന്നാണ് മേയർ ആര്യാ രാജേന്ദ്രൻ നല്‍കിയിട്ടുള്ള മൊഴി. ലൈറ്റർ പാഡില്‍ നിന്ന് ഒപ്പ് പകർത്തി കത്ത് തയ്യാറാക്കിയിട്ടുണ്ടാകാമെന്നും ആര്യാ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ചൊവ്വാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം. കത്ത് വ്യാജമാണെന്നും വ്യാജ രേഖ ചമച്ചതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുമുള്ള ശുപാര്‍ശയായിരിക്കും ക്രൈംബ്രാഞ്ച് സംസ്ഥാന പോലീസ് മേധാവിക്ക് നല്‍കുക. പ്രതിപ്പട്ടികയില്‍ ആരെയും ഉള്‍പ്പെടുത്താതെ കേസെടുക്കാനായിരിക്കും ശുപാര്‍ശ നല്‍കുകയെന്നാണ് സൂചന. കത്ത് വ്യാജമാണെന്ന മേയർ ആര്യാ രാജേന്ദ്രന്‍റെയും കത്ത് കണ്ടിട്ടില്ലെന്ന സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് വ്യാജ രേഖ ചമയ്ക്കലിന് കേസെടുക്കാന്‍ ശുപാര്‍ശ നല്‍കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.
കത്ത് വിവാദവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിലുള്ള സാഹചര്യത്തില്‍ കൂടുതല്‍ വിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിന്‍റെ ഭാഗം കൂടിയാണ് നീക്കം. അതേസമയം ക്രൈംബ്രാഞ്ച് സംഘത്തിന് ആനാവൂര്‍ മൊഴി നല്‍കിയോ എന്നത് സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുകയാണ്.
കത്ത് വിവാദത്തിൽ ബിജെപിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ സമരം തുടരുന്ന സാഹചര്യത്തിൽ നേരിട്ട് ഇടപെടാൻ ഇന്നലെ ചേർന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. പ്രതിപക്ഷ സമരത്തിന് എതിരെ രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് പാർട്ടി തീരുമാനം. 15ന് എൽഡിഎഫ് നടത്തുന്ന രാജ്ഭവൻ ധർണയ്ക്ക് ശേഷമാകും പ്രചാരണ പരിപാടികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തുക.