വധശിക്ഷയ്‌ക്കെതിരായ നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി; ഇനി 'ആശ്രയം' പ്രസിഡന്റ് മാത്രം
വധശിക്ഷയ്‌ക്കെതിരെ മലയാളി യുവതി നിമിഷപ്രിയ സമര്‍പ്പിച്ച അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളി. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചത്. നിമിഷപ്രിയയുടെ ശിക്ഷയില്‍ ഇളവ് നല്‍കണമെങ്കില്‍, ഇനി യെമന്‍ പ്രസിഡന്റിന് മാത്രമേ കഴിയുള്ളുവന്നും കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
മോചനത്തിനായി യെമനിലേക്ക് പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഇക്കാര്യം അറിയിച്ചത്. കോടതിയില്‍ നല്‍കിയ ഹര്‍ജി അപേക്ഷയായി സര്‍ക്കാരിന് നല്‍കാന്‍ നിമിഷ പ്രിയയുടെ അമ്മയോട് കോടതി നിര്‍ദേശിച്ചു. അപേക്ഷയില്‍ ഏഴ് ദിവസത്തിനുള്ളില്‍ കേന്ദ്രം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. യാത്രയ്ക്കുവേണ്ടി പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്നത്. 2017ലായിരുന്നു കേസിനാസ്പദമായ സംഭവം. യെമന്‍ തലസ്ഥാനമായ സനായിലെ ജയിലിലാണ് നിമിഷപ്രിയ നിലവിലുള്ളത്. നിമിഷപ്രിയയുടെ ഹര്‍ജി നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു.
യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷയിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചയ്ക്ക് തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.