പേരുകള്‍ പതിനൊന്ന്, ഭക്ഷണവും താമസവും സ്റ്റാര്‍ ഹോട്ടലുകളില്‍; പഞ്ചനക്ഷത്ര കള്ളന്‍ പിടിയില്‍

പേരുകള്‍ പതിനൊന്ന്, ഭക്ഷണവും താമസവും സ്റ്റാര്‍ ഹോട്ടലുകളില്‍; പഞ്ചനക്ഷത്ര കള്ളന്‍ പിടിയില്‍

തമിഴ്നാട് സ്വദേശി വിന്‍സെന്റ് ജോണിനെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്ത് നിന്ന് പിടികൂടിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ലാപ്ടോപ്പും മറ്റുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി
Updated on
1 min read

പഞ്ചനക്ഷത്ര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തമിഴ്നാട് സ്വദേശി വിന്‍സെന്റ് ജോണി(63)നെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കൊല്ലത്തുനിന്ന് പിടികൂടിയത്. തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് ലാപ്ടോപ്പ് മോഷണം പോയത്. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കി.

ഇംഗ്ലീഷ് നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന വിന്‍സെന്റ് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കയറിപ്പറ്റുന്നത്.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണത്തിന് പിന്നില്‍ കുപ്രസിദ്ധ മോഷ്ടാവ് വിന്‍സെന്റ് ആണെന്ന് പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കൊല്ലം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരേ രാജ്യത്തെ വിവിധഭാഗങ്ങളിലായി ഇരുന്നൂറോളം കേസുകളുണ്ടെന്നും പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ച് ലാപ്ടോപ്പും മറ്റുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറയുന്നു.

ഇംഗ്ലീഷ് നല്ലരീതിയില്‍ കൈകാര്യം ചെയ്യുന്ന വിന്‍സെന്റ് വ്യവസായിയാണെന്ന് പരിചയപ്പെടുത്തിയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കയറിപ്പറ്റുന്നത്. തെരിനാഥന്‍, വിജയ്കാരന്‍, മൈക്കല്‍ ജോസഫ്, ദിലീപ് സ്റ്റീഫന്‍, മൈക്കല്‍ ഫെര്‍ണാണ്ടോ, രാജീവ് ദേശായി, എസ്.പി. കുമാര്‍, സഞ്ജയ് റാണെ തുടങ്ങി കള്ളപ്പേരുകള്‍ പതിനൊന്നെണ്ണമുണ്ട്. തന്റെ വാക്ചാതുര്യത്തിലൂടെ ജീവനക്കാരെ കയ്യിലെടുക്കുന്ന ഇയാള്‍, ഭക്ഷണത്തിന്റെ ബില്ലും മുറിയുടെ വാടകയുമെല്ലാം മുറി ഒഴിവാകുന്നദിവസം അടയ്ക്കാമെന്ന് പറയും. ഏറ്റവും ഉയര്‍ന്ന മുറി തന്നെ വേണം, കഴിക്കാന്‍ വില കൂടിയ മദ്യവും ഭക്ഷണവും. ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഒരു ഹോട്ടലില്‍ താമസിക്കുക. ഇതേ തന്ത്രം തന്നെയാണ് ഇയാള്‍ തിരുവനന്തപുരത്തും പയറ്റിയത്.

2018ല്‍ കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സമാനരീതിയില്‍ മോഷണം നടത്തിയതിന് വിന്‍സെന്റ് പിടിയിലായിരുന്നു.

നാല് ദിവസം മുന്‍പ് ഹോട്ടലില്‍ മുറിയെടുത്തു. ഭക്ഷണവും മദ്യവും പതിവുപോലെ. ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കേണ്ടതുണ്ട്, താല്‍ക്കാലികമായി ഉപയോഗിക്കാന്‍ ലാപ്‌ടോപ് വേണമെന്ന് റിസപ്ഷനില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇയാള്‍ ലാപ്‌ടോപ്പുമായി മുങ്ങുകയായിരുന്നു. ഹോട്ടല്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് ഇയാളെ കൊല്ലത്തുനിന്നും പിടികൂടിയത്.

വ്യാജ തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാണ് ഇയാള്‍ നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുക്കുന്നത്. 2018ല്‍ കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സമാനരീതിയില്‍ മോഷണം നടത്തിയതിന് വിന്‍സെന്റ് പിടിയിലായിരുന്നു. മുംബൈ നഗരത്തിലാണ് വിന്‍സെന്റിനെതിരേ ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. ഇപ്പോള്‍ തിരുവനന്തപുരത്ത് ഇയാള്‍ പിടിയിലായ വിവരമറിഞ്ഞ് ആന്ധ്ര പോലീസും കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ബന്ധപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in