നിവിന്‍ പോളിക്കെതിരായ പീഡന പരാതി; അറസ്റ്റ് ഉടനില്ല, പരാതിക്കാരിയുടെ മൊഴിയെടുക്കും
നടന്‍ നിവിന്‍ പോളിക്കെതിരെ നേര്യമംഗലം സ്വദേശിനി നല്‍കിയ പീഡനപരാതിയില്‍ അറസ്റ്റ് ഉടനുണ്ടാകില്ലെന്ന് സൂചന. പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തും. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി പറഞ്ഞു. അതേസമയം യുവതിയുടെ പരാതിയില്‍ നിവിന്‍ പോളിയും നിയമനടപടിക്കൊരുങ്ങുന്നുണ്ട്. യുവതിയുടെ പരാതിയില്‍ ഊന്നുകല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞവർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവമെന്നാണ് യുവതി ആരോപിക്കുന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ദുബായിലെ ഹോട്ടല്‍ മുറിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. കെ സുനില്‍ എന്ന നിര്‍മാതാവിന്‌റെ പേര് പറഞ്ഞ് നടന്‍ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. കേസില്‍ ആറ് പ്രതികളാണുള്ളത്. നിവിന്‍ ആറാം പ്രതിയാണ്.
ദുബായില്‍ ജോലി ആവശ്യത്തിന് എത്തിയപ്പോഴാണ് സംഭവം. പരാതിക്കാരിയുടെ വനിത സുഹൃത്തും മറ്റു നാലു പേരും കേസില്‍ പ്രതികളാണ്. സുഹൃത്തായ ശ്രേയയാണ് പരാതിക്കാരിയെ നിവിന്റെ മുന്നിലെത്തിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്. ശ്രേയയാണ് കേസിലെ ഒന്നാംപ്രതി. നിര്‍മാതാവ് സുനില്‍ എ കെയാണ് രണ്ടാം പ്രതി. ഇതുകൂടാതെ, മറ്റു രണ്ടു പേരും കേസില്‍ പ്രതികളാണ്.
യുവതിയുടെ ആരോപണം നിഷേധിച്ച് ഇന്നലെ നിവിന്‍ രംഗത്തെത്തിയിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്നും ഗൂഢാലോചന തള്ളിക്കളയുന്നില്ലെന്നും നടന്‍ പറഞ്ഞു. അങ്ങനെയൊരു പെണ്‍കുട്ടിയെ കണ്ടിട്ടില്ല, സംസാരിച്ചിട്ടില്ല. ഫോണ്‍ വഴിപോലും ബന്ധമില്ല. ആദ്യമായാണ് ഇത്തരമൊരു ആരോപണം നേരിടുന്നതെന്നും ഇന്നലെ രാത്രി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിവിന്‍ പറഞ്ഞു.
ഒന്നരമാസം മുന്‍പ് യുവതിയുടെ പരാതിയുണ്ടെന്ന് കാട്ടി ഊന്നുകല്‍ സിഐ വിളിച്ചിരുന്നു. തെറ്റായ കേസാണെന്ന് കണ്ടെത്തി എഴുതിത്തള്ളിയെന്നു പോലീസ് അറിയിച്ചു. വലിയ പ്രസക്തി കൊടുക്കേണ്ടെന്ന് അന്നു നിയമമോപദേശം ലഭിച്ചിരുന്നു. കേസിലെ പ്രതികളിലൊരാളെ മാത്രമാണ് പരിചയം. സിനിമമേഖലയില്‍ ഫണ്ട് ചെയ്യുന്ന ഒരു വ്യക്തിയാണ് ഇയാള്‍. ഈ വ്യക്തിയെ ദുബായ് മാളില്‍വച്ചു കണ്ടിരുന്നു. ദുബായ് മാളിലെ ഫുഡ് കോര്‍ട്ടില്‍ ഇരുന്ന് മറ്റൊരു സുഹൃത്തിനെ പരിചയപ്പെടുത്തുക മാത്രമാണ് ഉണ്ടായതെന്നും നിവിന്‍ വ്യക്താക്കി.
പീഡനാരോപണം നിഷേധിച്ച് നടൻ എത്തിയതിനുപിന്നാലെ നിവിന്‍ പറയുന്നത് പച്ചക്കള്ളമാണെന്ന് യുവതി പറഞ്ഞു. തന്നെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി. ശാരീരികവും മാനസികവുമായി ഉപദ്രവിച്ചുവെന്ന് ആദ്യ പരാതിയിൽ പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. ഉപദ്രവമെന്ന് ഉദ്ദേശിച്ചത് പീഡനമാണ്.
അന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ നല്ല സമീപനമല്ല ലഭിച്ചത്. പീഡനം നടന്നത് വിദേശത്താണ്. അതിനാൽ തെളിവുകൾ കൊണ്ടുവന്നാൽ മാത്രം കേസെടുക്കാമെന്നാണ് പോലീസ് പറഞ്ഞത്. പ്രത്യേക അന്വേഷണസംഘത്തിൽ വിശ്വാസമുണ്ട്. ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും പരാതിക്കാരി പറഞ്ഞു.