കെഎസ്ആര്‍ടിസി ശമ്പള വിതരണം; 'ചര്‍ച്ച ഫലപ്രദം, ഈ മാസം 15 വരെ സമരമില്ലെ'ന്ന് സിഐടിയു
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഘട്ടം ഘട്ടമായി ശമ്പളം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ച ഫലപ്രദമെന്ന് സിഐടിയു. ശമ്പള വിഷയത്തില്‍ തത്കാലം സമരത്തിനില്ലെന്നും ചര്‍ച്ചയ്ക്ക് ശേഷം സിഐടിയു നേതാക്കള്‍ വ്യതമാക്കി. ഈ മാസം 18 ന് ഇരുവിഭാഗവും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും.
കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ തീരുമാനം വ്യാപക പ്രതിഷേധത്തിന് വഴിവച്ചെങ്കിലും പ്രത്യേകിച്ച് ഉറപ്പുകള്‍ ഒന്നും സിഐടിയു നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ മന്ത്രി മുന്നോട്ട് വച്ചിട്ടില്ല. രണ്ട് ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് തൊഴിലാളി സംഘടനകളുടെ പ്രഖ്യാപിത നയങ്ങള്‍ക്ക് എതിരാണെന്നും ഒറ്റ തവണയായി ശമ്പള വിതരണം നടത്തണമെന്നും സിഐടിയു നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
സമരം ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാറ്റിയതല്ലെന്നും ഈ മാസം 15 വരെ സമരമില്ലെന്നുമാണ് കെഎസ്ആര്‍ടിഇഎ ജനറല്‍ സെക്രട്ടറി എസ് വിനോദ് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്. തുടര്‍ നടപടികള്‍ തീരുമാനിക്കാന്‍ ഈ മാസം 14, 15 തീയതികളില്‍ സിഐടിയു നിര്‍വാഹക സമിതി യോഗം ചേരും. ഈ മാസം 18 ന് മന്ത്രിയുമായി നടത്തുന്ന രണ്ടാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷമാകും ശമ്പള വിഷയത്തില്‍ സിഐടിയു തുടര്‍ നടപടികളിലേക്ക് കടക്കുക.