സുപ്രീം കോടതി
സുപ്രീം കോടതി

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് തന്നെ; സംസ്ഥാനത്തിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളാണ് തള്ളിയത്
Updated on
1 min read

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെ ചോദ്യം ചെയ്ത് കേരള സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനം ടെണ്ടര്‍ നടപടികളുടെ ഭാഗമായതിന് ശേഷം കൈമാറ്റം ചോദ്യം ചെയ്യുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം 50 വർഷത്തേക്ക് അദാനി എന്റർപ്രൈസസ് ലിമിറ്റഡിന് കൈമാറാനുള്ള എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനം ശരിവച്ച്, 2020 ഒക്ടോബറിൽ കേരള ഹൈക്കോടതി വിധി വന്നിരുന്നു. ഇതിനെതിരെ കേരള സർക്കാരും വിമാനത്താവളത്തിലെ ജീവനക്കാരുടെ യൂണിയനും സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്.

വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിലും വികസിപ്പിക്കുന്നതിലും അദാനി ഗ്രൂപ്പിനുള്ള പരിചയക്കുറവ് സര്‍ക്കാര്‍ കോടതിയില്‍ സൂചിപ്പിച്ചു

വിമാനത്താവളം സ്ഥിതി ചെയുന്ന ഭൂമി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതായതിനാല്‍, സംസ്ഥാനത്തിന് മുൻഗണനാ അവകാശമുണ്ടെന്നായിരുന്നു സർക്കാര്‍ വാദം. വിമാനത്താവളത്തിനായി അധിക ഭൂമി ഏറ്റെടുക്കുന്നതിന് സംസ്ഥാനം പണം ചെലവഴിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളങ്ങൾ ഏറ്റെടുക്കുന്നതിലും വികസിപ്പിക്കുന്നതിലും അദാനി ഗ്രൂപ്പിനുള്ള പരിചയക്കുറവാണ് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചാന്ദർ ഉദയ് സിംഗ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്. കൊച്ചി, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സംസ്ഥാനത്തിന്റെ പങ്കും അദ്ദേഹം എടുത്തുപറഞ്ഞു.

എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറാനോ, നിലവിലെ സ്ഥാപനത്തിൽ തന്നെ തുടരാനോ ജീവനക്കാർക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

എന്നാൽ, പത്ത് ശതമാനം ലാഭവിഹിതത്തോടെ നടത്തിപ്പവകാശം കൈമാറാൻ സർക്കാർ സമ്മതിച്ചിരുന്നതായി അദാനി ഗ്രൂപ്പിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയിൽ അറിയിച്ചു.

സ്വകാര്യ ഉടമസ്ഥതയിലേക്ക് വിമാനത്താവളം മാറുന്നത് തൊഴിലാളികളുടെ സേവന സാഹചര്യങ്ങളെ ബാധിക്കുമെന്നായിരുന്നു യൂണിയൻ ചൂണ്ടിക്കാട്ടിയത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറാനോ, നിലവിലെ സ്ഥാപനത്തിൽ തന്നെ തുടരാനോ ജീവനക്കാർക്ക് താല്‍പര്യപ്രകാരം തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു.

2020 ഒക്ടോബർ 14നാണ് എയര്‍പോര്‍ട്ട് ഡയറക്ടർ അദാനി ഗ്രൂപ്പ് ചീഫ് എയര്‍പോര്‍ട്ട് നടത്തിപ്പ് ചുമതലയേറ്റെടുത്തത്. തുടർന്ന്, സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒക്ടോബർ 19 ന്, ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അദാനി ഗ്രൂപ്പിന് എയർപ്പോർട്ട് അതോറിറ്റി ടെണ്ടര്‍ നൽകിയത് ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളി. തുടര്‍ന്നാണ് സംസ്ഥാനം സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

logo
The Fourth
www.thefourthnews.in