തൊണ്ട വരണ്ട് വെള്ളത്തിൽ കഴിയുന്നവർ
വെള്ളത്തിനാൽ ചുറ്റപ്പെട്ടിട്ടും കുടിക്കാൻ ഒരിറ്റ് കിട്ടാതിരിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കൊടും വേനലിൽ അത്തരമൊരു അവസ്ഥ, വര്‍ഷങ്ങളായി അഭിമുഖീകരിക്കുകയാണ് അഞ്ചുതെങ്ങ് നിവാസികൾ. കായലിനും കടലിനും നടുവിലുള്ളതും 100% കോസ്റ്റൽ റെഗുലേഷൻ സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് അഞ്ചുതെങ്ങ്. ഉപ്പുവെള്ളവും ഓര് വെള്ളവും കാരണം കിണറുകുത്താൻ പോലും സാഹചര്യമില്ലാത്ത പഞ്ചായത്ത് പൂർണ്ണമായും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് വാട്ടർ അതോറിറ്റിയെ ആണ്. വെള്ളത്തിന് കൂടുതൽ ആവശ്യമുണ്ടാകുന്ന വേനൽകാലത്ത് മതിയായ കുടിവെള്ളം ലഭ്യമല്ലാതിനാൽ രോഗങ്ങൾ ഉണ്ടാകുകയാണെന്നും കടുത്ത വറുതിയിലാണെന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
അതേസമയം, ജലജീവൻപദ്ധതി പ്രകാരം ആറ്റിങ്ങൽ മുതൽ അഞ്ചുതെങ്ങ് വരെ ഒരേ പൈപ്പ്ലൈനാണ്. മറ്റ് പഞ്ചായത്തുകളിൽ വെള്ളമെത്തിയ ശേഷം മാത്രമേ ഡെഡ് എന്റായ അഞ്ചുതെങ്ങിൽ എത്തുകയുള്ളൂ. അതിനാലാണ് വെള്ളമെത്താത്തതെന്നാണ് വാട്ടർ അതോറിറ്റിയുടെ വിശദീകരണം. വർഷങ്ങളായി ഗ്രാമം നേരിടുന്ന കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് അഞ്ചുതെങ്ങ് നിവാസികൾ ആവശ്യപ്പെടുന്നത്.