മാലിദ്വീപിലെ തിരഞ്ഞെടുപ്പിന് തിരുവനന്തപുരത്ത് ബൂത്ത്!
മാലിദ്വീപില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണിന്ന്. മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന നിലവിലെ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ് ഉള്‍പ്പെടെ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. മാലിദ്വീപിന് പുറത്ത് തിരുവനന്തപുരം, ക്വാലാലംപൂര്‍, കൊളംബോ, ലണ്ടന്‍, അബുദാബി എന്നിവിടങ്ങളിലും പോളിംഗ് സ്റ്റേഷനുകള്‍ തയാറാക്കി പൗരന്മാര്‍ക്ക് വോട്ടവകാശം ഉറപ്പു വരുത്തുന്നുണ്ട് മാലിദ്വീപ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.
മാലിദ്വീപിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കേരളവും ഒരു പ്രധാന പങ്കാണ് വഹിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ഏക ബൂത്താണ് തിരുവനന്തപുരം മാലിദ്വീപ് കോണ്‍സുലേറ്റിലേത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള 417 മാലിദ്വീപ് പൗരന്മാരാണ് കോണ്‍സുലേറ്റില്‍ വോട്ട് രേഖപ്പെടുത്താനായി എത്തുന്നത്. രാവിലെ 8.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പോളിംഗ്. വോട്ടെണ്ണലും ഇന്നുതന്നെ.
രണ്ട് ലക്ഷത്തി എണ്‍പത്തി രണ്ടായിരത്തിലധികം വോട്ടര്‍മാരാണ് മാലിദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിധിയെഴുതുന്നത്. പോളിങ് പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ടോടെ തന്നെ പുതിയ പ്രസിഡന്റ് ആരെന്നറിയാം.