കത്ത് വിവാദം; വ്യാപക പ്രതിഷേധം, ഡെപ്യൂട്ടി മേയറെ തടഞ്ഞു, കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് സംഘർഷം

കത്ത് വിവാദം; വ്യാപക പ്രതിഷേധം, ഡെപ്യൂട്ടി മേയറെ തടഞ്ഞു, കോര്‍പ്പറേഷന്‍ ആസ്ഥാനത്ത് സംഘർഷം

ബിജെപി, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതിഷേവുമായി എത്തിയത്
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങളിലേക്ക് പാര്‍ട്ടി അനുഭാവികളെ തേടി മേയര്‍ ആര്യ രാജേന്ദ്രന്‍ കത്തയച്ചതുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുന്നു. നഗരസഭയിലേക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ്, യുവമോർച്ച ഉള്‍പ്പെടെയുള്ള സംഘടകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പ്രതിഷേധത്തിനിടെ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനെ യുവമോർച്ച, ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. രാജുവിനെ ഓഫീസിലേയ്ക്ക് കയറാന്‍ പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡെപ്യൂട്ടി മേയറെ ആശുപത്രിയിലേക്ക് മാറ്റി. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വന്‍ പോലീസ് സംഘമാണ് നഗരസഭയ്ക്ക് മുന്നിലുള്ളത്.

ഡെപ്യൂട്ടി മേയറെ ഓഫീസിലേയ്ക്ക് കയറാന്‍ അനുവദിച്ചില്ല

എന്നാല്‍, വിവാദത്തില്‍ മേയറെ പിന്തുണയ്ച്ച് ഡെപ്യൂട്ടി മേയര്‍ രംഗത്ത് എത്തി. വിവാദമായ കത്ത് വ്യാജമാണെന്ന് പി കെ രാജു പ്രതികരിച്ചു. അതേസമയം, കോര്‍പറേഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ മേയര്‍‍ക്ക് എതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. സ്വജനപക്ഷപാതവും അഴിമതിയും കാണിച്ച മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണ് മേയറുടെ കത്തെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണ് മേയറുടെ കത്തെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിവാദത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.

വിവാദത്തില്‍ കത്ത് വ്യാജമാണോയെന്ന് ഇപ്പോള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണ് സിപിഎം കൈക്കൊണ്ടിട്ടുള്ള നിലപാട്. കത്ത് കണ്ടിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. മേയറാണ് കത്തയച്ചോ എന്ന് പറയേണ്ടത്, മേയറെ വിളിച്ചെങ്കിലും കിട്ടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അത്തരത്തില്‍ ഒരുകത്ത് അയച്ചിട്ടില്ലെന്നാണ് മേയര്‍ ആര്യ രാജേന്ദ്രന്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം. കൂടുതല്‍ പ്രതികരണം നേത്യത്വവുമായി ആലോചിച്ച് ശേഷം ഉണ്ടാകുമെന്നും മേയര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സംഭവത്തില്‍ സിപിഎം നേത്യത്വത്തിന് കടുത്ത അതൃപ്തിയുള്ളതായാണ് സൂചന.

അതിനിടെ, തിരുവനന്തപുരം മേയര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. നഗരസഭയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ നടത്തിയ മുഴുവന്‍ കരാര്‍ നിയമനങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ മുന്‍ കൗണ്‍സിലര്‍ ശ്രീകുമാറാണ് വിജിലന്‍സില്‍ പരാതി നല്‍കിയത്

logo
The Fourth
www.thefourthnews.in