കത്ത് വിവാദം: ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി, മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

കത്ത് വിവാദം: ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി, മേയറുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്

ഇന്ന് നടക്കുന്ന സിപിഎം ജില്ലാ കമ്മറ്റിയോഗത്തിലും കത്ത് വിവാദം ചർച്ചയാകും
Updated on
1 min read

തിരുവനന്തപുരം നഗരസഭയിലെ വിവിധ വകുപ്പുകളിലെ തൊഴിലവസരങ്ങളിലേക്ക് പാര്‍ട്ടി അനുഭാവികളെ തേടി മേയര്‍ ആര്യാ രാജേന്ദ്രന്‍ കത്തയച്ചെന്ന ആരോപണത്തില്‍ ഗവര്‍ണറുടെ ഇടപെടല്‍ തേടി ബിജെപി. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി കൗണ്‍സിലര്‍മാര്‍ ഇന്ന് ഗവര്‍ണര്‍ക്ക് പരാതി നല്‍കും. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കൗണ്‍സിലര്‍മാര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. മേയറുടെ നടപടി സത്യപ്രതിജ്ഞാലംഘനമാണ്. അതിനാല്‍ അന്വേഷണം വേണമെന്നാണ് ബിജെപിയുടെ നിലപാട്.

മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ ആസ്ഥാനത്തേയ്ക്ക് ഇന്ന് രാവിലെ പത്തിന് മാര്‍ച്ച് സംഘടിപ്പിക്കും. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ നിന്നും മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ നാല് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആര്യാ രാജേന്ദ്രന് നേരെ കരിങ്കൊടി വീശിയിരുന്നു. ബിജെപിയും, യുവമോർച്ചയും സമാന രീതിയില്‍ സമര പരിപാടികള്‍ ശക്തമാക്കാനുള്ള ആലോചനയിലാണ്.

ഇന്ന് നടക്കുന്ന സിപിഎം ജില്ലാ കമ്മറ്റിയോഗത്തിലും കത്ത് വിവാദം ചർച്ചയാകും. കത്ത് വിവാദത്തില്‍, മേയര്‍ക്കെതിരെ നടപടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചിരുന്നു. പട്ടിക തേടി കത്ത് തയ്യാറാക്കിയത് താനല്ലെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്. മേയര്‍ തന്നെ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. കത്തെഴുതിയത് ആരെന്ന് കണ്ടുപിടിക്കണം. നിയമനടപടി സ്വീകരിക്കുമെന്ന് മേയര്‍ പാര്‍ട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സിപിഎമ്മിലില്ലെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയത്.

പ്രതിഷേധം ശക്തമാകുമ്പോഴും കത്തയച്ചത് താനല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍. 'താന്‍ കത്ത് തയ്യാറാക്കുകയോ എഴുതിയിട്ടോ ഇല്ലെ'ന്ന് കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്യാ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. കത്ത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും, കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് പ്രധാന ആവശ്യമെന്നും മേയര്‍ വ്യക്തമാക്കിയിരുന്നു. മേയര്‍ നല്‍കിയ പരാതി ഡിജിപി ഇന്ന് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറും. അന്വേഷണം ഇന്ന് ആരംഭിക്കുമെന്നാണ് സൂചന.

logo
The Fourth
www.thefourthnews.in