ഇതൊക്കെ എന്ത്, സിംപിൾ അല്ലേ?; പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കകം നഗരം പഴയപടിയാക്കി തിരുവനന്തപുരം നഗരസഭ

ശുചീകരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി രാത്രി 7.30 മുതല്‍ റോഡുകള്‍ കഴുകി വൃത്തിയാക്കും

പൊങ്കാല മഹോത്സവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തിരുവനന്തപുരം നഗരം സാധാരണ പോലെയാക്കി ശുചീകരണ തൊഴിലാളികള്‍. നഗരസഭ ജീവനക്കാരും ഹരിത കര്‍മസേനയും ഉള്‍പ്പെടെ രണ്ടായിരത്തിലധികം തൊഴിലാളികളാണ് ഇത്തവണ നഗരം ശുചിയാക്കാന്‍ ഇറക്കിയത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ളുടെ തുടര്‍ച്ചയായി രാത്രി റോഡുകള്‍ കഴുകി വൃത്തിയാക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ നിന്നാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക.

പൊങ്കാലയിടാൻ വന്നവർ മടങ്ങുന്നതിന് അനുസരിച്ച് സ്ഥലങ്ങള്‍ ഉടന്‍ വൃത്തിയാക്കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞിരുന്നു. പൊങ്കാലയടുപ്പ് കൂട്ടാനുപയോഗിക്കുന്ന കല്ലുകള്‍ ലൈഫ് പദ്ധതിക്ക് ഉപയോഗിക്കാനാണ് ഇത്തവണയും കോര്‍പ്പറേഷന്റെ തീരുമാനം. ഇതര ജില്ലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനായിരക്കണക്കിന് സ്ത്രീകളാണ് ഇത്തവണ പൊങ്കാലയിടാനെത്തിയത്. പൊങ്കാലയോടനുബന്ധിച്ച് പ്രത്യേക കെഎസ്ആര്‍ടിസി സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു.

രാവിലെ 10 മണിക്ക് ശുദ്ധ പുണ്യാഹത്തോടെയാണ് പൊങ്കാല സമര്‍പ്പണ ചടങ്ങിന് തുടക്കം കുറിച്ചത്. 10.30ഓടെ പണ്ടാരയടുപ്പില്‍ ക്ഷേത്രം മേല്‍ശാന്തി തീ പകര്‍ന്നു. പതിനായിരക്കണക്കിന് വിശ്വാസികളാണ് നഗരത്തിന്റെ വിവിധ കോണുകളില്‍ പൊങ്കാല അടുപ്പൊരുക്കി മഹോത്സവത്തിന്റെ ഭാഗമായത്. ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. 2.30ഓടെ പൊങ്കാലക്കലങ്ങളില്‍ തീര്‍ത്ഥം തളിച്ച് നിവേദിച്ചു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in