സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന മേയര്‍  ആര്യ രാജേന്ദ്രന്‍
സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിക്കുന്ന മേയര്‍ ആര്യ രാജേന്ദ്രന്‍

നഗരസഭയ്ക്ക് ജാതി തിരിച്ച് സ്‌പോര്‍ട്‌സ് ടീം; പ്രതിഷേധം ശക്തമായതോടെ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ

എസ് സി/ എസ് ടി വിഭാഗത്തിന് പ്രത്യേക ടീം, കാര്യക്ഷമമായ ഫണ്ട് വിനിയോഗത്തിനെന്ന് മേയർ
Updated on
2 min read

ജാതിതിരിച്ച് കുട്ടികളുടെ സ്‌പോര്‍ട്‌സ് ടീം ഉണ്ടാക്കിയ തിരുവനന്തപുരം നഗരസഭയുടെ നടപടിയില്‍ വൻ പ്രതിഷേധം. സ്‌കൂള്‍ കുട്ടികള്‍ അംഗങ്ങളായി നഗരസഭയ്ക്ക് ഔദ്യോഗിക ടീം എന്ന പുതിയ പദ്ധതിയിലാണ് ജനറല്‍ ടീമിന് പുറമെ എസ് സി /എസ്ടി വിഭാഗക്കാരായ കുട്ടികള്‍ക്ക് പ്രത്യേക ടീം നഗരസഭ തയ്യാറാക്കിയത്. കഴിവും അഭിരുചിയും മാത്രം മാനദണ്ഡമാകേണ്ട കായിക രംഗത്ത് പോലും അനാവശ്യ വേര്‍തിരിവ് കൊണ്ടുവന്നു എന്ന രൂക്ഷ വിമര്‍ശനമാണ് മേയര്‍ ആര്യാ രാജേന്ദ്രനെതിരെ ഉയരുന്നത്. 'നമുക്ക് ജാതിയില്ലാ' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്ന സിപിഐഎമ്മിന്റെ മേയറാണ് ഇത്തരത്തില്‍ തീരുമാനം എടുത്തത് എന്നത് വിമര്‍ശനത്തിന് ആക്കം കൂട്ടുന്നു.വിമർശനം ശക്തമായതോടെ വിശദീകരണവുമായി മേയർ രംഗത്തെത്തി. പരമാവധി ഫണ്ട് വിനിയോഗത്തിനാണ് ഇത്തരത്തിൽ ടീമുണ്ടാക്കിയത് എന്നാണ് മേയറുടെ വിശദീകരണം.

കായികാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി പരിശീലനം നല്‍കുന്ന പദ്ധതിക്കാണ് തിരുവനന്തപുരം നഗരസഭ തുടക്കം കുറിച്ചത്. ഫുട്‌ബോള്‍ ഹാന്‍ഡ്‌ബോള്‍ വോളിബോള്‍,ബാസ്‌ക്കറ്റ്‌ബോള്‍,അത്‌ലറ്റിക്‌സ് എന്നീ ഇനങ്ങള്‍ക്കാണ് ഔദ്യോഗിക ടീം നഗരസഭ ഉണ്ടാക്കുന്നത്. ഇതിനായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സെലക്ഷന്‍ നടന്നു. 25 കുട്ടികള്‍ വീതമുള്ള ടീമുകളെയാണ് നഗരസഭ തയ്യാറാക്കുന്നത്. ഈ ടീം സെലക്ഷനാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്.

സെലക്ഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു ടീമിനെ സംബന്ധിച്ച വിവരങ്ങള്‍ മേയര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ജനറല്‍ വിഭാഗം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും, എസ് / എസ്ടി വിഭാഗത്തിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഓരോ ടീമും ഓരോ കായിക ഇനത്തിലുമുണ്ടാവുകയെന്ന് മേയര്‍ പോസ്റ്റില്‍ കുറിച്ചു. ഇവര്‍ക്ക് നഗരസഭ പരിശീലനം നല്‍കുമെന്നും വിവിധ മത്സരങ്ങളില്‍ ഈ ടീമുകള്‍ നഗരസഭയെ പ്രതിനിധീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. എന്നാല്‍ ജനറല്‍ , എസ് സി/എസ് ടി വിഭാഗങ്ങള്‍ക്ക് പ്രത്യേകം ടീമുകളെ തയ്യാറാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ജാതി തിരിച്ചുള്ള കായിക ടീം കേട്ടുകേൾവിയില്ലാത്തതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്കാകെ തെറ്റായ സന്ദേശം നല്‍കുന്നതും പിന്തിരിപ്പന്‍ സമീപനവുമാണിതെന്നും ആക്ഷേപം.

വിവാദമായതോടെ മേയര്‍ വിശദീകരണവുമായി എത്തി. ഫേസ്ബുക്കിലൂടെയാണ് വീണ്ടും വിശദീകരണകുറിപ്പ് ഇറക്കിയത്. നഗരസഭ എടുത്ത തീരുമാനത്തെ തെറ്റിദ്ധാരണജനകമായി വ്യാഖ്യാനിക്കപ്പെട്ടത് ഖേദകരമെന്നാണ് മേയർ പറഞ്ഞു. ജനകീയസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ഷങ്ങളായി കളരി (ജനറല്‍) കളരി (എസ് സി) എന്ന പ്രോജക്ട് ഹെഡില്‍ ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, അത്ലറ്റിക്‌സ് എന്നീയിനങ്ങളില്‍ നഗരസഭ കായിക പരിശീലനം നടപ്പിലാക്കി വരുന്നുണ്ടെന്നാണ് മേയറുടെ വിശദീകരണം. ഇതിനായി വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള ജനറല്‍ ഫണ്ടും എസ് സി ഫണ്ടുമാണ് ഉപയോഗിക്കുന്നത് എന്നും ഇത്തരത്തില്‍ സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് ജനറല്‍ /എസ് സി ഫണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ കുട്ടികള്‍ക്ക് അവസരം നല്‍കാന്‍ സാധിക്കുന്നും മേയർ പറയുന്നു. ഇങ്ങനെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാനും കൂടുതൽ കുട്ടികൾക്ക് അവസരം ഒരുക്കാനുമാണ് വേവ്വേറെ ടീമെന്ന് മേയർ പറഞ്ഞു.

അതിവിപുലമായി മാറുമെന്ന പ്രതീക്ഷയുള്ള ഒരു പദ്ധതിയെ വിവാദത്തില്‍പ്പെടുത്തി തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ലെന്നും അതുകൊണ്ട് ഈ വിശദീകരണത്തോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നുമാണ് ആര്യരാജേന്ദ്രന്റെ അഭ്യർഥന. എന്നാൽ കായിക ടീമിലും ജാതിവേർതിരിവ് എന്തിനെന്നും ഇത്തരം ജാതീയമായ ടീമുകൾ എന്ത് നേട്ടമാണ് കായിക കേരളത്തിന് നൽകുന്നതെന്നുമാണ് ഉയരുന്ന ചോദ്യം.

logo
The Fourth
www.thefourthnews.in