പ്രവര്‍ത്തന സമയം പന്ത്രണ്ട് മണിക്കൂര്‍; ചരിത്രം കുറിച്ച് സിഇടി ക്യാംപസ്

കോളേജിലെ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തിയ ശേഷം ഭാവിയില്‍ പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കി വിപുലീകരിക്കാനാണ് ലക്ഷ്യം

പ്രവര്‍ത്തന സമയം പന്ത്രണ്ട് മണിക്കൂറാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവണ്‍മെന്റ് കോളേജാകാന്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ്. രാവിലെ 9 മണി മുതല്‍ രാത്രി 9 വരെയെന്ന പ്രവര്‍ത്തന സമയത്തിലെ പരിഷ്‌കരണം ഇന്നുമുതല്‍ നടപ്പാക്കുകയാണ് സിഇടി ക്യാംപസ്. ആദ്യഘട്ടത്തില്‍ ലൈബ്രറികള്‍, ലാബുകള്‍, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ സൗകര്യങ്ങള്‍ എന്നിവയാണ് പന്തണ്ട് മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുക.

എന്‍ഐടി, ഐഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാതൃകയാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലും നടപ്പാക്കുന്നത്. പഠന സമയം വൈകിട്ട് 4 മണി വരെയെന്നതിന് മാറ്റമില്ല. മറ്റ് സൗകര്യങ്ങള്‍ പുതിയ തീരുമാനത്തോടെ രാത്രി വരെ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുത്താനാകും.

എന്‍ഐടി, ഐഐടി പോലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാതൃകയാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിലും നടപ്പാക്കുന്നത്

പ്രവര്‍ത്തന സമയം നീട്ടണമെന്നാവശ്യപ്പെട്ട് ക്യാംപസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് അധികൃതര്‍ക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പുതിയ പരിഷ്‌കരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

കോളേജിലെ സുരക്ഷാ സൗകര്യങ്ങള്‍ ഉള്‍പ്പെടെ മെച്ചപ്പെടുത്തിയ ശേഷം ഭാവിയില്‍ പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കി വിപുലീകരിക്കാനാണ് ലക്ഷ്യമെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. വി സുരേഷ് ബാബു ദ ഫോര്‍ത്തിനോട് പറഞ്ഞു. ഈ തീരുമാനത്തെയും ഇരുകയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് സിഇടിയിലെ വിദ്യാര്‍ഥികള്‍.

Related Stories

No stories found.
logo
The Fourth
www.thefourthnews.in