ഒളിവില്‍ കഴിഞ്ഞത് നിര്‍മാണത്തിലിരുന്ന വീട്ടില്‍; പോലീസിന് നേരെ ബോംബെറിഞ്ഞ കണിയാപുരം ഗുണ്ടാ ആക്രമണ കേസ് പ്രതി പിടിയില്‍
തിരുവനന്തപുരം കണിയാപുരം ഗുണ്ടാ ആക്രമണ കേസിലും പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലും ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യപ്രതി പിടിയിൽ. പായ്ച്ചിറ സ്വദേശി ഷഫീഖാണ് ആര്യനാട് പോലീസിന്റെ പിടിയിലായത്. ആര്യനാട് നിര്‍മാണം നടക്കുന്ന വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഷഫീഖിനെ നാട്ടുകാരാണ് പിടികൂടി പോലീസിന് കൈമാറിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന അഭിന്‍ ഓടി രക്ഷപ്പെട്ടു.
വെള്ളിയാഴ്ചയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ വീട്ടില്‍ അന്വേഷണത്തിനെത്തിയ പോലീസ് സംഘത്തെ ഷഫീഖും സഹോദരന്‍ ഷമീറും ചേര്‍ന്ന് ആക്രമിച്ചത്. ഷമീറിനേയും അമ്മയേയും സംഭവസ്ഥലത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഷഫീഖ് ഓടി രക്ഷപ്പെടുകയായിരുന്നു.
ആര്യനാട് നിര്‍മാണം നടക്കുന്ന വീട്ടില്‍ പുലര്‍ച്ചെ വീട്ടുടമസ്ഥന്‍ വെള്ളമൊഴിക്കാന്‍ എത്തിയപ്പോഴാണ് അപരിചിതരായ രണ്ടുപേരെ കണ്ടത്. ഷഫീഖും അഭിനുമായിരുന്നു ഇത്. ബഹളം വെച്ചതോടെ ഷഫീഖും അഭിനും ചേര്‍ന്ന് വീട്ടുടമസ്ഥനെ കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കിണറ്റില്‍ തള്ളിയിട്ടു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഷഫീഖിനെ പിടികൂടുകയായിരുന്നു.
പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബെറ്റിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് പണം ആവശ്യപ്പെട്ട കേസിലെ പ്രതിയാണ് ഷഫീഖ്. ബൈക്കിൽ പോവുകയായിരുന്ന നിഖിലിനെ അഞ്ചംഗ സംഘം തടഞ്ഞ് നിർത്തി ബലമായി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ഓടി രക്ഷപ്പെടാതിരിക്കാൻ വയറ്റിൽ പടക്കവും വാളും തിരുകിവെച്ചിരുന്നു. നിഖിലിനെ പിന്നീട് വിവിധ സ്ഥലങ്ങളിലെത്തിച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി ഉപദ്രവിച്ചു. പിന്നാലെ നിഖിലിന്റെ അച്ഛന്‍ നോർബെറ്റിനെ ഫോണിൽ വിളിച്ച് അഞ്ച് ലക്ഷം രൂപ ഉടൻ കഴക്കൂട്ടത്ത് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇദ്ദേഹമാണ് വിവരം പോലീസിനെ അറിയിച്ചത്.
ഷഫീഖിനെയും ഷമീറിനെയും പിടികൂടാന്‍ വെള്ളിയാഴ്ചയാണ് പോലീസ് വീട്ടിലെത്തിയത്. ഈ സമയം പോലീസിന് നേരെ പ്രതികള്‍ രണ്ട് തവണ ബോംബ് എറിഞ്ഞു. മഴു അടക്കമുള്ള മാരകായുധങ്ങളും പോലീസുകാരെ ലക്ഷ്യമിട്ട് എറിഞ്ഞു. തലനാരിഴയ്ക്കാണ് പോലീസ് സംഘം രക്ഷപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് ഷമീറിനെയും അമ്മയേയും പോലീസ് കീഴടക്കിയെങ്കിലും ഷഫീഖ് രക്ഷപ്പെടുകയായിരുന്നു. പോലീസ് പിടികൂടിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഷമീര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
മംഗലപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാത്രം എട്ട് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷഫീഖ് ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ്. രണ്ട് വർഷം മുൻപ് കണിയാപുരത്ത് നടന്ന സ്വർണക്കവർച്ച കേസില്‍ ഷഫീഖും ഷമീറും പ്രതികളാണ്. ഷഫീഖിനൊപ്പമുണ്ടായിരുന്ന അഭിനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.