തിരുവനന്തപുരത്ത് ദുരിതപ്പെയ്ത്ത്; വീടുകളില്‍ വെള്ളം കയറി; വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ്
തലസ്ഥാനത്ത് ഇന്നലെ രാത്രി തുടങ്ങിയ മഴയില്‍ നിരവധി പ്രദേശങ്ങളില്‍ വെള്ളം കയറി. നഗരത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു. നഗര, മലയോര, തീര മേഖലകളില്‍ മഴ ശക്തമാകുന്ന സാഹചര്യമാണ് കാണുന്നത്. നെയ്യാറ്റിന്‍കര, പൊന്മുടി, വര്‍ക്കല തുടങ്ങിയ പ്രദേശങ്ങളില്‍ മഴ കനക്കുകയാണ്.
കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ അഞ്ച് സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പെയ്തത്. ടെക്‌നോപാര്‍ക്ക് ഫെയ്‌സ് 3ന് സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ഫയര്‍ഫോഴ്‌സ് വാട്ടര്‍ ഡിങ്കിയില്‍ മാറ്റിയിട്ടുണ്ട്. കഴക്കൂട്ടം, മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പോത്തന്‍കോട് ഭാഗങ്ങളില്‍ വീടുകളിലും വെള്ളം കയറി. പാറ്റൂര്‍, കണ്ണമൂല, ചാക്ക തുടങ്ങിയ തിരുവനന്തപുരത്തെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
പോത്തന്‍കോട് കരൂരിലെ 7 വീടുകളിലാണ് വെള്ളം കയറിയത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞുവീണു. വെളുപ്പിന് 12.30ഓടെയായിരുന്നു സംഭവം. പൊലിസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. ആളപായമില്ല. പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് യുവാവിന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തെറ്റിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ സര്‍വീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ടെക്‌നോപാര്‍ക്കിലേക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ സര്‍വീസ് റോഡ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
അതേസമയം കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താനാണ് സാധ്യത. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 10 സെ.മി ഉയര്‍ത്തി. നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ 70 സെ.മി കൂടി ഉയര്‍ത്തും. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് പതിനഞ്ചോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.
സംസ്ഥാനത്തെ അതിശക്തമായ മഴ കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ തമിഴ്‌നാടിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതും മഴ കനക്കാന്‍ കാരണമാകും.