തോമസ് ഐസക്
തോമസ് ഐസക്

"ഭരണ നിർവഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്നങ്ങളുണ്ട്, ജനങ്ങളുടെ പരാതികളേറുന്നു": സംവിധാനത്തെ വിമർശിച്ച് തോമസ് ഐസക്

വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
Updated on
1 min read

സംസ്ഥാനത്തെ ഭരണസംവിധാനങ്ങളിലെ പരിമിതികളെ വിമർശിച്ച് മുൻ ധനമന്ത്രിയും സിപിഎം നേതാവുമായ ടി.എം.തോമസ് ഐസക്. കേരളത്തിലെ ഭരണസംവിധാനത്തിന് നേട്ടങ്ങൾ പറയാനുണ്ടെന്നത് യാഥാർഥ്യമാണെങ്കിലും നിരവധി പോരായ്മകളും ഉണ്ടെന്നാണ് 'ചിന്ത' വാരികയിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത്. അനിശ്ചിതമായി നീണ്ട് പോകുന്ന നിരവധി പദ്ധതികൾ ഇതിന് തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ലെന്നും സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തോമസ് ഐസക്
പുതുപ്പള്ളിയില്‍ നാളെ ജനവിധി; പോളിങ് ശതമാനം കൂടുമോ കുറയുമോ?

"വൻകിട പ്രൊജക്ടുകൾ ഫലപ്രദമായി നടപ്പാക്കുന്നതിനു ഭരണയന്ത്രം പ്രാപ്തമല്ല. സേവനമേഖലയിലെ രണ്ടാംതലമുറ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. സേവന നിലവാരത്തെക്കുറിച്ചുള്ള ജനങ്ങളുടെ പരാതികളേറുകയാണ്. വ്യവസായ പ്രോത്സാഹന ഏജൻസികളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണ്. റെഗുലേറ്ററി വകുപ്പുകൾ പലപ്പോഴും ജനവിരുദ്ധമാകുന്നു. കാലോചിതമായി നടത്തേണ്ട പരിഷ്കരണങ്ങൾ ഈ രംഗത്ത് ഉണ്ടായിട്ടില്ല എന്നതിന്റെ ഫലമായിട്ടാണ് നമ്മുടെ ഭരണയന്ത്രം തുരുമ്പിച്ചതും വേണ്ടത്ര ജന സൗഹാർദ്ദപരമല്ലാത്തതുമായ അവസ്ഥ ഉണ്ടായിട്ടുള്ളത്," തോമസ് ഐസക് വ്യക്തമാക്കി.

ഭരണസംവിധാനത്തിന്റെ ഇത്തരം ദൗർബല്യങ്ങൾ സ്വകാര്യ വൽക്കരണം എന്ന ആവശ്യം ജനങ്ങളിൽ ഉയർന്നുവരാൻ കാരണമാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. അതിനാൽ പൊതുമേഖലയെയും പൊതു സംവിധാനങ്ങളെയും സംരക്ഷിക്കണമെങ്കിൽ ഭരണയന്ത്രത്തിന്റെ കാര്യക്ഷമതയും ജനകീയതയും ഉയർത്തേണ്ടതുണ്ട്. നിയോ ലിബറൽ സർക്കാർ ഭരണയന്ത്രത്തിനു ബദലായി ഒരു ജനകീയ ഭരണയന്ത്രത്തിനു രൂപം നൽകാൻ നമുക്കു സാധിക്കേണ്ടതുണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

തോമസ് ഐസക്
"മതേതരത്വമെന്ന ആശയം അനാവശ്യം;" കേരളത്തിൽ ബിജെപിക്ക് തടസം സംസ്ഥാനത്തിന്റെ ജനസംഖ്യ ഘടനയെന്ന് ആർഎസ്എസ്

കാർഷിക മേഖലയിലെ വളർച്ച രൂക്ഷമായ മുരടിപ്പിൽ തുടരുകയാണ്. പ്രതികൂലമായ കമ്പോള സ്ഥിതിയാണ് അതിന്റെ അടിസ്ഥാന കാരണം. ഇതിനെ മറികടക്കത്തക്ക രീതിയിൽ ഉല്പാദനക്ഷമതയും ഉല്പാദനവും ഉയർത്തുന്നതിനുള്ള പാക്കേജ് ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ല. കോർപ്പറേറ്റ് മൂലധനത്തെ ഇന്നും വേണ്ടവിധം നമുക്ക് ആകർഷിക്കാനാകുന്നില്ല. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ നമ്മൾ ഇപ്പോഴും പിന്നിലാണ്. സേവനാവകാശ നിയമം, പൗരാവകാശരേഖ, സോഷ്യൽ ഓഡിറ്റ്, പരാതിപരിഹാര സംവിധാനം, നഷ്ടോത്തരവാദിത്വം ഇവിടെയെല്ലാമുള്ള പുരോഗതി അഭിമാനകരമല്ല. ഭിന്നശേഷി, വയോജന സൗഹൃദ സംസ്ഥാനമായി കേരളത്തെ എങ്ങനെ മാറ്റാം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എങ്ങനെ കുറയ്ക്കാം എന്നീ വിഷയങ്ങളും സജീവമായി ചർച്ച ചെയ്യപ്പെടേണ്ടതാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമൂലമായ അഴിച്ചു പണി ഇപ്പോഴും പ്രായോഗിക പദ്ധതിയായിട്ടില്ല. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് കേഡറ്റ് പൊലീസ് തുടങ്ങിയവ ജനങ്ങളെയും പൊലീസിനെയും ബന്ധിപ്പിക്കാനുള്ള നിരവധി പരിശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും കാര്യമായ നേട്ടങ്ങൾ ഉണ്ടാക്കാൻ ആയില്ല. കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും മാറ്റേണ്ടതുണ്ട്. നഗരപ്രശ്നങ്ങളെക്കുറിച്ച് പുതിയൊരു സമീപനം സൃഷിക്കേണ്ടതുണ്ട്. ഇതുപോലെ ഭരണനിർവ്വഹണവുമായി ബന്ധപ്പെട്ട് നീണ്ടനിര പ്രശ്നങ്ങളുണ്ട്, തോമസ് ഐസക് ലേഖനത്തിൽ വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in