'മസാല ബോണ്ട് തീരുമാനങ്ങളില്‍ തോമസ് ഐസക്കിന് പങ്കില്ല'; കിഫ്‌ബി ഹൈക്കോടതിയില്‍
മസാല ബോണ്ട് തീരുമാനങ്ങളിൽ മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് പങ്കില്ലെന്ന് കിഫ്ബി. ഫണ്ട് വിനിയോഗ കാര്യങ്ങളുടെ ഉത്തരവാദി തോമസ് ഐസക്കാണെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം അസത്യമാണെന്നും കിഫ്‌ബി ഹൈക്കോടതിയെ അറിയിച്ചു. ധനമന്ത്രി എന്ന നിലയിലാണ് തോമസ് ഐസക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും ഗവേണിങ് ബോഡി വൈസ് ചെയർമാനുമായിരുന്നത്.
നടപ്പാക്കേണ്ട പദ്ധതികൾക്ക് അംഗീകാരം നൽകുകയാണ് ഈ കമ്മിറ്റികൾ ചെയ്യുന്നത്. നടത്തിപ്പ് ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് കമ്മിറ്റികളുടെ തുടരനുമതി ആവശ്യമില്ല. 100 കോടി രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് അനുമതി നൽകാനാണ് കിഫ്ബി എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമുള്ളത്. അതിന് മുകളിലുള്ളത് ജനറൽ ബോഡിയാണ് അനുവദിക്കുകയെന്നും കിഫ്‌ബി വ്യക്തമാക്കി.
അംഗീകരിക്കപ്പെട്ട പ്രവൃത്തികൾ പിന്നീട് ഫണ്ട് മാനേജർ കൂടിയായ സിഇഒ മുഖേന കിഫ്ബിയാണ് നടപ്പാക്കുക. പദ്ധതിക്ക് അനുമതി ലഭിച്ചാൽ മസാല ബോണ്ടിലൂടെ പണസമാഹരണത്തിന് കിഫ്ബിയാണ് തീരുമാനമെടുക്കുക. ഫണ്ട് വിനിയോഗത്തിന്‍റെ ഉത്തരവാദിത്വം ഫണ്ട് മാനേജർക്കാണുള്ളത്. (ആർബിഐ) മാർഗ നിർദേശ പ്രകാരം മാത്രമാണ് പദ്ധതികൾക്ക് ഫണ്ട് അനുവദിച്ചിട്ടുള്ളത്. ചെലവ് സംബന്ധിച്ച വിശദാംശങ്ങൾ മാസം തോറും ആർബിഐ അറിയിക്കാറുണ്ട്. മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണ് കിഫ്ബി നടപടികളെന്ന് ആർബിഐ ഇതുവരെ സൂചന പോലും നൽകിയിട്ടില്ലെന്നും കിഫ്‌ബി ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ വാരമാണ് കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്ന് സംശയിക്കുന്നതായി ഇ ഡി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. അന്വേഷണ നടപടികളില്‍ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചിട്ടില്ലെന്നും അതിനാലാണ് ഐസക്കിന് സമന്‍സ് അയച്ചതെന്നും ഇ ഡി വ്യക്തമാക്കി.ഐസക്കിന്റെ മൊഴി എടുത്തെങ്കില്‍ മാത്രമേ മറ്റ് ചിലര്‍ക്ക് സമന്‍സ് അയയ്ക്കാന്‍ കഴിയൂ. അന്വേഷണം പൂര്‍ത്തിയാകണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കണമെന്നും ഇ ഡി കോടതിയെ അറിയിച്ചു.
മസാല ബോണ്ട് ഇടപാട് സംബന്ധിച്ച് തീരുമാനമെടുത്ത പ്രധാന വ്യക്തി ഐസക്കാണ്. കിഫ്ബി ഹാജരാക്കിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി, ജനറല്‍ ബോഡി മിനിറ്റ്‌സുകളില്‍ ഇക്കാര്യം വ്യക്തമാണ്. മസാല ബോണ്ട് ഇടപാടിലെ നിയമസാധുത പരിശോധിക്കണമെങ്കില്‍ ഐസക്കിന്റെ മൊഴിയെടുക്കല്‍ അനിവാര്യമാണ്. അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയും പ്രധാനമെന്നും ഇ ഡി കോടതിയെ അറിയിച്ചു.