തോമസ് ഐസക് സ്ഥാനാര്‍ഥിയാണ്, തിരഞ്ഞെടുപ്പ് സമയത്ത് ചോദ്യം ചെയ്യരുത്; ഇ ഡിയോട് ഹൈക്കോടതി
കിഫ്ബി മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡിയുടെ സമൻസിൽ തോമസ് ഐസക്കിനെ ഇപ്പോൾ ചോദ്യം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി. ചോദ്യം ചെയ്യാന്‍ തിരഞ്ഞെടുപ്പ് കഴിയട്ടെയെന്നും കോടതി ഇഡിയോട് നിര്‍ദേശിച്ചു. തോമസ് ഐസക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇ ഡിക്ക് വിശാലമായി അന്വേഷിക്കാമെന്നും ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി.
തോമസ് ഐസക് സൗകര്യം അറിയിക്കട്ടെയെന്ന് ഇ ഡി
ഇ ഡിക്ക് മുന്നില്‍ ഹാജരാകാന്‍ ബാധ്യതയില്ലെന്നാണ് തോമസ് ഐസകിന്റെ വാദമെന്ന് ചൂണ്ടികാട്ടിയ കോടതി ചില ഇടപാടുകള്‍ക്ക് വിശദീകരണം വേണമെന്ന് വ്യക്തമാക്കി. അതിൽ തിരഞ്ഞെടുപ്പിനുശേഷം വ്യക്തത വരുത്താമെന്ന് കോടതി നിർദേശിച്ചു. തോമസ് ഐസക് സൗകര്യം അറിയിക്കട്ടെയെന്നായിരുന്നു ഇ ഡി അഭിഭാഷകൻ കോടതിയില്‍ സ്വീകരിച്ച നിലപാട്. ഹർജി മേയ് 20 ന് പരിഗണിക്കാൻ മാറ്റി.
മസാല ബോണ്ട് വിനിയോഗം സംബന്ധിച്ച തീരുമാനങ്ങളിലെ പ്രധാനി മുൻ ധനമന്ത്രി തോമസ് ഐസക്കാണെന്ന ഇ ഡി സത്യവാങ്മൂലത്തിലെ പരമാർശം അടിസ്ഥാനരഹിതമെന്ന് കിഫ്ബി ഹൈകോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
ധനമന്ത്രിയെന്ന നിലയിലാണ് തോമസ് ഐസക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനും ഗവേണിങ് ബോഡി വൈസ് ചെയർമാനുമായിരുന്നത്. നടപ്പാക്കേണ്ട പദ്ധതികൾക്ക് അംഗീകാരം നൽകുകയാണ് ഈ കമ്മിറ്റികൾ ചെയ്യുന്നത്. നടത്തിപ്പ് ഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് ഈ കമ്മിറ്റികളുടെ തുടർ അനുമതി ആവശ്യമില്ല. ഇവക്ക് പ്രത്യേക റോളുമില്ല. പദ്ധതിയും ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടേയും ആദ്യാവസാനം ഉത്തരവാദി തോമസ് ഐസക്കാണെന്ന ഇ ഡി വാദം അസത്യമാണെന്നും കിഫ്ബി നിലപാട് എടുത്തിരുന്നു.