തോമസ് കെ തോമസ്
തോമസ് കെ തോമസ്

വനിതാ നേതാവിനെ മര്‍ദിച്ചെന്ന് ആരോപണം; കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ കേസ്

പരാതി വ്യാജമെന്ന് തോമസ് കെ തോമസ്
Updated on
1 min read

എന്‍സിപി വനിതാ പ്രവര്‍ത്തകയെ കയ്യേറ്റം ചെയ്‌തെന്ന പരാതിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിന് എതിരെ കേസ്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസാണ് എംഎല്‍എയ്ക്ക് എതിരെ കേസെടുത്തത്. ഐപിസി 341, 294 ബി, 325 വകുപ്പുകള്‍ പ്രകാരമാണ് നടപടി.

എന്‍സിപി സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 23ന് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നില്‍ വച്ച് നടന്ന സംഘര്‍ഷമാണ് നടപടിയ്ക്ക് ആധാരം.

എന്‍സിപി ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍വെച്ച് സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്. സംഘം ചേര്‍ന്ന് മര്‍ദിക്കല്‍, അസഭ്യം വിളിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ ആരോപണങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.

എന്‍സിപിയുടെ സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 23ന് ആലപ്പുഴ ജില്ലാ ഓഫിസിന് മുന്നില്‍ വച്ച് നടന്ന സംഘര്‍ഷമാണ് നടപടിയ്ക്ക് ആധാരം. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിന് ഒടുവില്‍ വനിത പ്രവര്‍ത്തകയെ ഉള്‍പ്പെടെ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ സംഘം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

സംഭവത്തില്‍ വനിത നേതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും കേസെടുത്തിരുന്നില്ല. തുടര്‍ന്ന് കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുക്കുന്നത്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥന് നായര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

അതേസമയം, എന്‍സിപി വനിതാ നേതാവിനെ മര്‍ദിച്ച സംഭവത്തെ ചൊല്ലി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് എംഎല്‍എ തോമസ് കെ തോമസ് പ്രതികരിച്ചു. ആലപ്പുഴയിലെ ഹോട്ടല്‍ വ്യവസായിയായ റെജി ചെറിയാനാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ആദ്ദേഹം ആരോപിച്ചു. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം എന്നാണ് പറയുന്നത്. പരാതിയില്‍ ഉന്നയിക്കുന്ന സ്ഥലത്ത് ആ സമയം റിട്ടേണിംഗ് ഓഫീസറും, പോലീസും ഉണ്ടായിരുന്നെന്നും എംഎല്‍എ ചൂണ്ടിക്കാട്ടുന്നു.

logo
The Fourth
www.thefourthnews.in