എ കെ ശശീന്ദ്രനു പകരം തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനിച്ചതായി പി സി ചാക്കോ

എ കെ ശശീന്ദ്രനു പകരം തോമസ് കെ തോമസ് മന്ത്രിയാകും; എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തീരുമാനിച്ചതായി പി സി ചാക്കോ

ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് പിസി ചാക്കോയ്ക്ക് ശരത് പവാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം
Updated on
1 min read

എന്‍സിപിയിലെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അന്ത്യമാകുന്നു. എ കെ ശശീന്ദ്രന് പകരം തോമസ് കെ തോമസിനെ മന്ത്രിക്കാന്‍ എന്‍സിപി ദേശീയനേതൃത്വം തീരുമാനിച്ചു. ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്നും മാറണമെന്നും പകരം തോമസ് കെ തോമസ് മന്ത്രിയാകണെന്നും ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ നിര്‍ദേശിച്ചതായി സംസ്ഥാന അധ്യക്ഷന്‍ പി സി ചാക്കോ വ്യക്തമാക്കി.

ശശീന്ദ്രനും തോമസ് കെ തോമസിനുമൊപ്പം മുഖ്യമന്ത്രിയെ കാണാനാണ് പിസി ചാക്കോയ്ക്ക് ശരത് പവാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. ഒക്ടോബര്‍ മൂന്നിന് മുഖ്യമന്ത്രിയെ കാണാനാണ് ധാരണ. പാര്‍ട്ടി തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാകും രാജിയും തോമസിന്റെ സത്യപ്രതിജ്ഞയും തീരുമാനിക്കുക.

എന്‍സിപിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലി തര്‍ക്കം ഏറെ നാളായി തുടരുകയായിരുന്നു. രണ്ട് എംഎല്‍എമാരുളള പാര്‍ട്ടിയില്‍ രണ്ടര വര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കുവയ്ക്കാന്‍ ധാരണയുണ്ടെന്നായിരുന്നു തോമസ് കെ തോമസിന്റെ വാദം. എന്നാല്‍ ശശീന്ദ്രന്‍ ഇത് അംഗീകരിച്ചിരുന്നില്ല. മന്ത്രിസ്ഥാനം പങ്കുവെക്കുന്നതിനെക്കുറിച്ച് കരാറൊന്നുമില്ലെന്നായിരുന്നു നേരത്തെ ചാക്കോയുടെ നിലപാട്. എന്നാല്‍, ഇക്കാര്യത്തില്‍ തോമസ് കെ തോമസ് ദേശീയ നേതൃത്വത്തെ സമീപിച്ചതോടെയാണ് മന്ത്രിമാറ്റത്തിലേക്ക് എത്തിയത്. പിന്നീട് ചാക്കോയും തോമസ് കെ തോമസിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു. നിലവില്‍ വനം വന്യജീവി വകുപ്പാണ് എന്‍സിപിക്ക് അനുവദിച്ചിരിക്കുന്നത്. തോമസ് കെ തോമസിനും ഈ വകുപ്പ് തന്നെ ലഭിക്കാനാണ് സാധ്യത.

കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികള്‍ ശശീന്ദ്രനെ നിലനിര്‍ത്തണമെന്ന നിലപാടിലായിരുന്നു. കാസര്‍കോട്, എറണാകുളം, കോട്ടയം, വയനാട് കമ്മിറ്റികള്‍ പ്രത്യേകിച്ച് നിലപാടൊന്നുമെടുത്തതുമില്ല. എന്നാല്‍ മറ്റു ജില്ലാ കമ്മിറ്റികള്‍ ചാക്കോയ്ക്കും തോമസ് കെ തോമസിനും ഒപ്പമാണ്.

logo
The Fourth
www.thefourthnews.in