നിപ: മൂന്ന് കേന്ദ്ര സംഘങ്ങള്‍ ഇന്ന് കേരളത്തില്‍, വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധന
കോഴിക്കോട് ജില്ലയില്‍ മൂന്ന് പേര്‍ക്ക് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്ന് കേന്ദ്രസംഘങ്ങള്‍ ഇന്ന് സംസ്ഥാനത്ത് എത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും നാല് പേരടങ്ങുന്ന ഒരു വിദഗ്ധ സംഘവും ഐസിഎംആറില്‍ നിന്നുള്ള സംഘവും പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ ലാബ് യൂണിറ്റ് അടങ്ങുന്ന മറ്റൊരു സംഘവും ഇന്നു കോഴിക്കോട് എത്തും. രോഗത്തിന്റെ ഉറവിടങ്ങളായി സംശയിക്കുന്ന മരുതോങ്കരയിലും ആയഞ്ചേരിയിലും കേന്ദ്ര സംഘം പരിശോധന നടത്തും.
9 വയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്
അതേ സമയം നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ (40) മൃതദേഹം നിപ മാനദണ്ഡങ്ങള്‍ പാലിച്ച് ഖബറടക്കി. കടമേരി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ രാത്രി 12 മണിയോടെയാണ് ഖബറടക്കിയത്. കോഴിക്കോട് കോര്‍പ്പറേഷനിലെ ആരോഗ്യ പ്രവര്‍ത്തകരാണ് മിംസ് ആശുപത്രിയില്‍ നിന്നും മൃതദേഹം ഏറ്റുവാങ്ങി ഖബറടക്ക നടപടികള്‍ പൂര്‍ത്തിയാക്കിയത്.
ആദ്യം നിപ ബാധിച്ച് മരിച്ച മുഹമ്മദിന്റെ 9 വയസുള്ള കുട്ടിയും ബന്ധവും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. നിലവില്‍ 7 പേരാണ് ചികിത്സയിലുള്ളത്. മരിച്ച രണ്ട് പേരുടെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരുണ്ട്. ആദ്യം മരിച്ചയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 158 പേരാണ് ഉള്ളത്. ഇതില്‍ 127 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ബാക്കി 31 പേര്‍ വീട്ടിലും പരിസരത്തും ഉള്ളവരാണ്. രണ്ടാമത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുള്ളവരുടെ വിവരം ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ളവരെ കണ്ടെത്താന്‍ ഇവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും
പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംസ്ഥാനത്ത് മൊബൈല്‍ ലാബും സജ്ജമാക്കുമെന്നും ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയിട്ടുള്ളവരെ കണ്ടെത്താന്‍ ഇവര്‍ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കും. പോലീസിന്റെ കൂടി സഹായം തേടും. നിപ ബാധിതരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും.
നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്
വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തില്‍ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സര്‍വേ നടത്തും. ഇതുസംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങള്‍ ആരോഗ്യവകുപ്പും സര്‍ക്കാരും നല്‍കും. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രോഗലക്ഷണമുണ്ടെങ്കില്‍ കോള്‍ സെന്ററില്‍ ബന്ധപ്പെടണമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം എന്നീ അയല്‍ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണല്‍ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.