കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണക്കടത്ത്; മൂന്ന് കിലോ സ്വർണവും വിദേശ കറൻസിയും പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച മൂന്നേകാൽ കിലോ സ്വർണവും 15 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മൂന്ന് വ്യത്യസ്ത കേസുകളിലായി 1.8 കോടി രൂപ വില മതിക്കുന്ന മൂന്നേ കാൽ കിലോഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ശരീരത്തിനുള്ളിലും വിമാനത്തിന്റെ സീറ്റിനടിയിലുമായി ഒളിപ്പിച്ചാണ് സ്വര്‍ണൺ കടത്താൻ ശ്രമിച്ചത്. കൂടാതെ, വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 15 ലക്ഷം രൂപയ്ക്ക് തുല്യമായ വിദേശ കറൻസിയും പിടിച്ചെടുത്തു.
സ്‌പൈസ് ജെറ്റ് വിമാനത്തിൽ ജിദ്ദയിൽ നിന്നും വന്ന കോഴിക്കോട് നീലേശ്വരം സ്വദേശിയായ മുഹമ്മദ് അൻവർഷായെയും എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നും വന്ന മലപ്പുറം വാരിയങ്കോട് സ്വദേശി പ്രമോദിനെയുമാണ് സ്വർണം കടത്തിയതിന് പിടികൂടിയത്. സ്വർണമിശ്രിതം അടങ്ങിയ നാല് ക്യാപ്സ്യൂളുകൾ വീതം ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചിരുന്നു. സ്‌പൈസ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ കാസർഗോഡ് ബേക്കൽ സ്വദേശി ഫാത്തിമ താഹിറ കുഞ്ഞമ്മദിൽ നിന്നാണ് 15 ലക്ഷത്തിലധികം രൂപയ്ക്ക് തുല്യമായ 19,200 അമേരിക്കൻ ഡോളർ പിടികൂടിയത്.
ദുബായിൽ നിന്നും വന്ന സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിൻവശത്തെ സീറ്റിന്റെ അടിയിൽ നിന്നും 1331 ഗ്രാം തൂക്കമുള്ള സ്വർണമിശ്രിതമടങ്ങിയ രണ്ടു പാക്കറ്റുകളും പിടിച്ചെടുത്തു. കടത്തിയത് ആരാണെന്നതിൽ വ്യക്തത വന്നിട്ടില്ല. എല്ലാ കേസുകളും രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി കസ്റ്റംസ് അറിയിച്ചു.