മൂവാറ്റുപുഴയാറില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു; അപടകത്തില്‍പ്പെട്ടത് ഒരേ കുടുംബാംഗങ്ങള്‍
വൈക്കം വെള്ളൂരിൽ മൂവാറ്റുപുഴയാറില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. വൈക്കം വെള്ളൂര്‍ ചെറുകര പാലത്തിന് താഴെ മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. അരയൻകാവ് സ്വദേശി മുണ്ടക്കൽ ജോൺസൺ (55) ജോൺസൺന്റെ സഹോദരിയുടെ മകൻ അലോഷ്യസ് (16) സഹോദരന്റെ മകൾ ജിസ്മോൾ(15) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ചെറുകര പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
ബന്ധുവീട്ടില്‍ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ആറ് പേര് അടങ്ങുന്ന സംഘമാണ് കുളിക്കാനായിറങ്ങിയത്. ഇവരിൽ മൂന്ന് പേർ ഒഴുക്കിൽപ്പെട്ടതിന് പിന്നാലെ കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്നാണ് അപകടവിവരം പുറത്തറിഞ്ഞത്. പിന്നാലെ നാട്ടുകാരും വെള്ളൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് സംഘവും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.
ജിസ്‌മോള്‍ നാളെ യുകെയ്ക്ക് പോകാനിരിക്കവെയാണ് അപടകടം. ജിസ്‌മോള്‍ കാല്‍ വഴുതി വീണ് വെള്ളത്തില്‍ താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേരും ഒഴുക്കിൽപ്പെട്ടത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന ജോണ്‍സന്‍റെ സഹോദരന്‍ ജോബി മത്തായി, ഭാര്യ സൗമ്യ, ജോണ്‍സന്‍റെ സഹോദരിമാരായ മിനി, സുനി എന്നിവര്‍ രക്ഷപ്പെട്ടു. ഇതില്‍ ജോബിയുടെ മകളാണ് മരിച്ച ജിസ്‌മോള്‍. സഹോദരി സുനിയുടെ മകനാണ് മരിച്ച അലോഷി.
അരയൻ കാവ് സ്വദേശികളായ ഇവർ അവധിദിവസം ആഘോഷിത്താന്‍ കുളിക്കാൻ ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം. വൈക്കം, കടുത്തുരുത്തി എന്നിവിടങ്ങളില്‍ നിന്ന് അഗ്നിശമസേനയെത്തി. രണ്ട് മണിക്കൂറോളം നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൂവരുടെയും മൃതദേഹം തലയോലപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.