ലഹരിവേട്ട: മൂന്ന് പേർ പിടിയിൽ; എൽഎസ്ഡി ഓർഡർ ചെയ്തത് ഡാർക്ക് വെബ് വഴി
കണ്ണൂര്‍ കൂത്തുപറമ്പിലും മലപ്പുറം കാളികാവിലുമായി 1607 മില്ലിഗ്രാം എൽഎസ്ഡി യും, 112.67 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ എക്സൈസ് പിടിയിൽ. നെതർലൻഡിൽ നിന്ന് ഓൺലൈനായി വരുത്തിച്ച 70 എൽഎസ്ഡി സ്റ്റാമ്പുകളുമായി ഒരാളും ബാംഗ്ലൂരില്‍ നിന്ന് എംഡിഎംഎ മലപ്പുറത്തെത്തിച്ച് യുവാക്കളുടെ ഇടയിൽ ചില്ലറവില്പന നടത്തുന്ന ശൃംഖലയിലെ രണ്ടു പേരെയുമാണ് എക്സൈസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിലായ യുവാവ് നെതർലൻഡിലെ റോട്ടർഡാമിൽ നിന്നും ആമസോൺ വഴി ഓൺലൈനായിട്ടാണ് എൽഎസ്ഡി സ്റ്റാമ്പുകൾ വരുത്തിച്ചത്. രഹസ്യവിവരത്തെ തുടർന്ന് കൂത്തുപറമ്പ് പോസ്റ്റ് ഓഫിസ് തപാലിൽ എത്തിചേർന്ന 70 എൽഎസ്ഡി സ്റ്റാമ്പുകൾ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനീഷ് എം എസും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു. സംശയം തോന്നിയ തപാൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിക്കുകയും ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു. 100 മില്ലിഗ്രാം എൽഎസ്ഡി കൈവശം വച്ചാൽ 10 മുതൽ 20 വർഷം വരെ തടവ് ലഭിച്ചേക്കാം.
വിലാസക്കാരൻ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗ് കെ പിയാണെന്ന് തിരിച്ചറിഞ്ഞ മഫ്തിയുടെ പ്രത്യേക സംഘം വീടിന് സമീപം വച്ച് പ്രതിയെ അറസ്റ്റ് ചെയ്തു. ഡാർക്ക് വെബ് സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ വഴി മെയ് 1നാണ് പ്രതി എൽഎസ്ഡി ഓർഡർ ചെയ്തത്. കഞ്ചാവ് കൈവശം വച്ചതിന് ഇയാൾക്കെതിരെ മുൻപും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്.
അതേസമയം 112.67 ഗ്രാം എംഡിഎംഎയുമായി രണ്ടു പേരെ കാളികാവ് എക്സൈസ് പിടികൂടി. നൗഫൽ, മുഹമ്മദ് അജ്മൽ എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. നിരവധി മയക്കു മരുന്ന് കേസിൽ പ്രതിയായ നൗഫൽ ബാബുവിനെ ചോക്കാട് സീഡ് ഫാമിലേക്കുള്ള റോഡിൽ വച്ചും കൂട്ടാളി മുഹമ്മദ് അജ്മലിനെ വീടിനു സമീപം വച്ചുമാണ് കസ്റ്റഡിയിൽ എടുത്തത്. നൗഫലിന്റെ കൈവശം 15.67 ഗ്രാം എംഡിഎംഎയും, അജ്മലിന്റെ പക്കൽ 97 ഗ്രാം എംഡിഎംഎയും ഉണ്ടായിരുന്നു. മുഹമ്മദ് അജ്മലായിരുന്നു നൗഫലിന് മയക്കുമരുന്നെത്തിച്ചു നൽകിയിരുന്നത്. അജ്മൽ നൗഫലിനായി ബാംഗ്ലൂരിൽ നിന്നും കടത്തി കൊണ്ടു വന്ന 97 ഗ്രാം എംഡിഎംഎയാണ് കണ്ടെടുത്തത്.
നൗഫലിനായി നിരവധി തവണ അജ്മൽ ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് എത്തിച്ചിട്ടുണ്ട്. അജ്മലിന്റെ അക്കൗണ്ടിൽ നൗഫൽ പണം നിക്ഷേപിക്കുമ്പോൾ അതിനുള്ള എംഡിഎംഎ അജ്മൽ ബാംഗ്ലൂരിൽ നിന്നും ചോക്കാട് എത്തിക്കുകയും നൗഫൽ അതിന്റെ ചില്ലറ വില്പന നടത്തിവരികയുമായിരുന്നു. പ്രതികളെ മഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.