പടക്കശാല അനധികൃതം, ഭൂകമ്പം പോലെ പ്രകമ്പനം; തൃപ്പൂണിത്തുറ നടുങ്ങി
ഒരു മരണം, 16 പേർക്ക് പരുക്ക്, നാല് പേരുടെ നില ഗുരുതരം, ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള വീടുകള്‍ക്ക് നാശനഷ്ടം. തൃപ്പൂണിത്തുറ ചൂരക്കാടിന് സമീപം പടക്കശേഖരണശാലയിലുണ്ടായ സ്ഫോടനത്തിന്റെ വ്യാപ്തിയും ഭീകരതയും എത്രത്തോളമാണെന്ന് ചൂണ്ടിക്കാണിക്കുന്നു ഇക്കാര്യങ്ങള്‍. പുതിയകാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി എത്തിച്ച പടക്കങ്ങള്‍ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ പൊട്ടിത്തെറിച്ചതാണ് വലിയ അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. പടക്കങ്ങള്‍ കൊണ്ടുവന്ന വാഹനവും സൂക്ഷിക്കുന്നതിനായി നിർമ്മിച്ചിരുന്ന പുതിയകാവ് വടക്കേകരയോഗത്തിന്റെ ഷെഡും പൂർണമായും നശിച്ചു.
അനധികൃതമായാണ് പടക്കശാല നിർമ്മിച്ചതെന്ന് അപകടത്തിന് പിന്നാലെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരമൊരു സംവിധാനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ് അഗ്നിശമനസേന നല്‍കുന്ന വിശദീകരണം. പുതിയകാവ് ക്ഷേത്ര ഉത്സവത്തിനോട് അനുബന്ധിച്ചുള്ള പടക്കങ്ങള്‍ വർഷങ്ങളോളമായി ഈ ഷെഡിനുള്ളിലാണ് സൂക്ഷിക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. പടക്കം ഇറക്കാന്‍ തിരഞ്ഞെടുത്ത സമയവും അപകടത്തിന്റെ കാരണങ്ങളിലൊന്നായെന്ന് വിലയിരുത്താം. രാവിലെ 11 മണിയോടെ നല്ല വെയിലുള്ള സമയത്തായിരുന്നു പടക്കം ഇറക്കാന്‍ ശ്രമിച്ചത്. സ്ഫോടനത്തിലേക്ക് നയിച്ച കാരണം ഇപ്പോഴും ക്യത്യമായി വ്യക്തമായിട്ടില്ല.
വലിയ തോതിലുള്ള പ്രഹരശേഷിയുണ്ടാക്കുന്ന പടക്കങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്ന് സമീപപ്രദേശങ്ങളിലുണ്ടായ ആഘാതം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ജനസാന്ദ്രത കൂടുതലുള്ള മേഖലകൂടിയാണിത്. സമീത്തെ വീടുകളുടെ അകത്ത് നിന്ന് അവശിഷ്ടങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. പൂർണമായും ഭാഗികമായും പലവീടുകളുടേയും ഭിത്തിയും വാതിലുകളും മേല്‍ക്കൂരയും തകർന്നിട്ടുണ്ട്. രണ്ട് നില വീടുകളുടെ ഉയരത്തില്‍ വരെ അവശിഷ്ടങ്ങള്‍ തെറിച്ചിട്ടുണ്ട്. സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കും കേടുപടുകള്‍ സംഭവിച്ചിട്ടുള്ളതായാണ് പുറത്തുവരുന്ന ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്.
ഉള്ളൂർ സ്വദേശിയായ വിഷ്ണുവാണ് മരണപ്പെട്ടത്. പടക്ക നിർമ്മാണ ശാലയിലെ ജീവനക്കാരനാണ് വിഷ്ണു എന്നാണ് വിവരം. നിലവില്‍ സ്ഫോടനം സംഭവിച്ച പ്രദേശത്ത് വിദഗ്ദ സംഘത്തിന്റെ പരിശോധന പുരോഗമിക്കുകയാണ്. സ്ഫോടനത്തിന് പിന്നിലെ കാരണം, വെടിക്കെട്ടിന് അനുമതി നല്‍കിയിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ഇനി വ്യക്തത വരാനുണ്ട്.