കടുവാ ഭീതിയില്‍ വയനാട്; കര്‍ഷകന്റെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധം, രണ്ടിടങ്ങളില്‍ യുഡിഎഫ് ഹര്‍ത്താല്‍

കടുവാ ഭീതിയില്‍ വയനാട്; കര്‍ഷകന്റെ മരണത്തിന് പിന്നാലെ വ്യാപക പ്രതിഷേധം, രണ്ടിടങ്ങളില്‍ യുഡിഎഫ് ഹര്‍ത്താല്‍

വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Updated on
1 min read

വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധം. നാട്ടുകാര്‍ കൃത്യമായി വിവരം നല്‍കിയിട്ടും കടുവയെ പിടികൂടാന്‍ മതിയായ നടപടികൾ സ്വീകരിക്കാൻ വനം വകുപ്പ് അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം. പ്രദേശത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരം അറിയിച്ചിരുന്നു. അവര്‍ എത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും നാട്ടുകാർ കാട്ടിയ കടുവ പോയ കാടിന്റെ ഭാഗം പരിശോധിക്കാൻ വനപാലകർ തയ്യാറായില്ലെന്നാണ് ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച്‌ മാനത്താവടി താലൂക്കിലും തൊണ്ടര്‍നാട്‌ പഞ്ചായത്തിലും നാളെ യുഡിഎഫ് ഹർത്താലിന് ആഹ്വനം ചെയ്തു.

അതേസയം, കടുവയെ എത്രയും വേഗം പിടികൂടാനുള്ള നടപടികളും പുരോഗമിക്കുകയാണ്. മയക്കുവെടി വച്ച്‌ കടുവയെ പിടികൂടാനാണ് തീരുമാനം. വനം മന്ത്രിയുടെ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടികള്‍ക്ക് വേഗം കൂടിയത്.

മയക്കുവെടി വച്ച്‌ കടുവയെ പിടികൂടാനാണ് തീരുമാനം.

നിലവിൽ രണ്ടിടങ്ങളിൽ കടുവയുടെ സാനിധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൊണ്ടര്‍നാട്, തവിഞ്ഞാല്‍ പഞ്ചായത്തുകളിലാണ് കളക്ടർ നാളെ അവധി നൽകിയത്.

വ്യാഴാഴ്ച പതിനൊന്ന് മണിയോടെയായിരുന്നു കടുവയുടെ ആക്രമണത്തില്‍ കര്‍ഷകനായ പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലു (50 )വിന് പരുക്കേറ്റത്. തുടര്‍ന്ന് ചികിത്സയിലിരിക്കെ വൈകീട്ടോടെ മരിക്കുകയായിരുന്നു. മരിച്ച കര്‍ഷകന്‍റെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കാന്‍ വനം മന്ത്രി ഉത്തരവിട്ടു. കര്‍ഷകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും മന്ത്രി പറഞ്ഞു. ദാരുണ സംഭവമാണെന്ന് സംഭവത്തില്‍ മാനന്തവാടി എംഎല്‍എ ഒ എ കേളു പ്രതികരിച്ചു.

logo
The Fourth
www.thefourthnews.in