കേരളത്തില്‍ കടുവകള്‍ കുറഞ്ഞു; പശ്ചിമഘട്ട മേഖലയില്‍ കുറഞ്ഞത് 157
കടുവകള്‍ നാട്ടിലിറങ്ങുന്ന സംഭവം നിരന്തരം റിപ്പോര്‍ട്ട് ചെയ്യുമ്പോഴും കേരളത്തില്‍ കടുവകളുടെ എണ്ണം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വയനാട്ടിലാണ് കടുവകളുടെ എണ്ണത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. പ്രധാനമായും കേരളത്തിലെ പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ സംരക്ഷിത മേഖലയ്ക്ക് പുറത്തും വയനാട്ടിലും കടുവകളുടെ എണ്ണം കുറഞ്ഞു.
കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലകളില്‍ 157 കടുവകളുടെ കുറവാണ് രേഖപ്പെടുത്തിയത്. 1973ല്‍ തുടങ്ങിയ 'പ്രൊജക്ട് ടൈഗറി'ന്റെ 50-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
അതേസമയം, രാജ്യത്ത് കടുവകളുടെ എണ്ണം വര്‍ധിച്ചെന്നാണ് കടുവ സെന്‍സെസ് 2022 വ്യക്തമാക്കുന്നത്. രാജ്യത്തെ കടുവകളുടെ എണ്ണം 2018 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ 200 എണ്ണം കൂടി. 3167 കടുവകളാണ് രാജ്യത്തുള്ളത്.
പറമ്പിക്കുളം, പെരിയാര്‍ എന്നിവിടങ്ങളില്‍ സംരക്ഷിത മേഖലയ്ക്ക് പുറത്തും വയനാട്ടിലും കടുവകളുടെ എണ്ണം കുറഞ്ഞു
എന്നാല്‍, കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ട മേഖലകളില്‍ 157 കടുവകളുടെ കുറവാണ് രേഖപ്പെടുത്തിയത്. പെരിയാര്‍ കടുവ സങ്കേതത്തിലെ കടുവകളുടെ എണ്ണം 35 മുതല്‍ 40 വരെയാണ്. പറമ്പിക്കുളത്ത് 28 മുതല്‍ 35 വരെയും. വയനാട് മേഖലയിലിത് 120 ആണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വയനാടിന്റെ ഭൂപ്രകൃതിയുമായി താരതമ്യം ചെയ്യുമ്പോള്‍ കടുവകളുടെ എണ്ണത്തില്‍ കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇത്തരമൊരു സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും വയനാട് അടക്കമുള്ള ജില്ലകളില്‍ ജനവാസ മേഖലകളിലേക്ക് കടുവളെത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ണാടകയിലെ ബിബിആര്‍ടി ഹില്‍സ്, കര്‍ണാടക-ഗോവ അടിര്‍ത്തിയോട് ചേര്‍ന്ന വനമേഖല, വടക്കു കിഴക്കന്‍ -ബ്രഹ്‌മപുത്ര സമതലങ്ങളിലും ഇതേ സാഹചര്യമാണ്. വനം കയ്യേറ്റം, കടുവവേട്ട, മനുഷ്യ-മൃഗ സംഘര്‍ഷം എന്നിവയാണ് പ്രധാനമായും കടുവകളുടെ എണ്ണം കുറയാനുളള പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍.