തട്ടിക്കൂട്ടല്ല തട്ട് കട...

തട്ട് കടകളുടെ പ്രവർത്തന സമയം രാത്രി 8 മണി മുതൽ 11 വരെയായി ക്രമീകരിച്ചത് വരുമാനം കുറയുന്നതിന് കാരണമായിരിക്കുകയാണ്

രാവിലെ തുടങ്ങി രാത്രി വരെ നീണ്ട് നിൽക്കുന്ന ഒരു ദിവസത്തെ മുഴുവൻ പ്രയത്നമാണ് ഒരു തട്ടുകടയിൽ നമ്മൾ കാണുന്നത്. തട്ട് കടകളുടെ പ്രവർത്തനസമയം 8 മുതൽ 11 മണി വരെ മാത്രമായി ചുരുക്കുമ്പോൾ തൊഴിലാളികളുടെ ഒരു ദിവസത്തെ പ്രയത്നത്തിന് ഫലമില്ലാതാവുകയാണ്.

രാവിലെ പച്ചക്കറി വാങ്ങുന്നതുതൊട്ട് തയ്യാറെടുപ്പുകൾ തുടങ്ങിയാൽ മാത്രമേ രാത്രിയാകുമ്പോഴേക്കും കടകൾ തുറക്കാനാകൂ. എന്നാൽ, പോലീസ് സമയം മൂന്ന് മണിക്കൂർ മാത്രമായി ക്രമീകരിച്ചതോടെ ഇവരുടെ വരുമാനത്തിന്റെ നല്ലൊരുപങ്ക് നഷ്ടമാവുന്നു.

ഫുഡ്‌ ട്രക്കുകൾ റോഡിൽ ഇടാനുള്ള അനുമതി ഇല്ലാത്തതിനാൽ, വീടുകളിൽ നിന്ന് രാത്രി ആകുമ്പോഴേക്കും ഓടിച്ചു കൊണ്ടുവരികയെ മാർഗം ഉള്ളു. തട്ടുകടകളിൽ വെളിച്ചതിനായി ജനറേറ്ററും ആവശ്യമാണ്.

ഇതിനെല്ലാം തന്നെ നല്ല ചെലവുണ്ട്. ഭക്ഷ്യ വസ്തുക്കളുടെയും ഇന്ധനങ്ങളുടെയും വില കുത്തനെ ഉയരുന്നതും തട്ടുകടകൾക്ക് വലിയ തിരിച്ചടി ആണ്. സമയം വെട്ടിച്ചുരുക്കുന്നത്തോടെ ചെലവഴിക്കുന്ന പൈസ തിരിച്ചുകിട്ടുന്നില്ല എന്നതാണ് യാഥാർഥ്യം.

തട്ടുകടകളിൽ ഗുണ്ടകൾക്ക് സംഘം ചേരാൻ സാധിക്കുന്നു എന്നതാണ് പുതിയ ക്രമീകരണത്തിനുള്ള കാരണം എന്നാണ് പോലീസ് അറിയിച്ചതെന്ന് തട്ടുകട അസോസിയേഷൻ സെക്രട്ടറി ഷാഹുൽ ഹമീദ് പറയുന്നു. എന്നാൽ തട്ടുകടകൾ നേരത്തെ പൂട്ടിയാൽ റോഡ് വിജനമാവുകയും അക്രമങ്ങൾ കൂടുകയുമല്ലേ ചെയ്യുന്നതെന്ന് ഷാഹുൽ ചോദിക്കുന്നു.

തട്ടുകടകൾക്കായി പല പദ്ധതികളും കോർപറേഷൻ മുന്നോട്ടു വച്ചെങ്കിലും എല്ലാം ചർച്ചകളിൽ ഒതുങ്ങിയതല്ലാതെ ഒന്നും പ്രാവർത്തികമായില്ല. നിയമങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നതെങ്കിലും തട്ടുകടകൾക്ക് ആനൂകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നില്ല.

സന്ദർഭങ്ങൾക്ക് അനുസരിച്ച് ക്രമീകരണങ്ങൾ മാറ്റുമ്പോൾ വരുമാനത്തിനായി മറ്റെന്തു ചെയ്യും എന്ന ആശങ്കയിലാണ് തട്ടുകട തൊഴിലാളികൾ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in