കേരളത്തെ ഞെട്ടിച്ച ക്രൂരത; അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസിന്റെ നാള്‍വഴി
തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചിരിക്കുകയാണ്. മതിയായ തെളിവുകളുടെ അഭാവത്തിൽ അഞ്ചുപേരെ വെറുതെ വിട്ടു. സംഭവം നടന്ന് 12 വർഷത്തിന് ശേഷമാണ് രണ്ടാം ഘട്ട വിചാരണ പൂർത്തിയാക്കിയ 11 പ്രതികൾക്കുള്ള ശിക്ഷ വിധിക്കുന്നത്.
കേസിന് ആസ്പദമായ സംഭവം
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വെട്ടിമാറ്റിയത്. 2010 മാർച്ച് 23 ന് നടന്ന രണ്ടാം സെമസ്റ്റർ ബി.കോം മലയാളം ഇന്റേണൽ പരീക്ഷയുടെ ചോദ്യ പേപ്പറിലെ 11-ാം നമ്പർ ചോദ്യത്തിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ടി ജെ ജോസഫ് തയാറാക്കിയ ചോദ്യപ്പേപ്പറിലെ ചോദ്യം പ്രവാചകനെ നിന്ദിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചിഹ്നങ്ങൾ ചേർക്കുന്നതിനായി നൽകിയ ഗദ്യഭാഗങ്ങളാണ് വലിയ വിവാദമായത്.
ജോസഫ് ഒളിവിലായപ്പോൾ അദ്ദേഹത്തിന്റെ 22 കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തന്റെ മകനും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതോടെ, ആറ് ദിവസത്തിന് ശേഷം അദ്ദേഹം പോലീസിന് മുന്നിൽ കീഴടങ്ങി, ജയിലിലായി
പി ടി കുഞ്ഞഹമ്മദ് എഴുതിയ 'തിരക്കഥയിലെ രീതിശാസ്ത്രം' എന്ന പുസ്തകത്തിൽ നിന്നുള്ള ഭ്രാന്തനും ദൈവവുമായുള്ള സംഭാഷണമായിരുന്നു ചോദ്യം. വിഷയം വിവാദമായതോടെ, വിവിധ സംഘടനകൾ കോളേജിനെതിരെ പ്രതിഷേധം ആരംഭിച്ചു. എന്നാൽ, കോളേജ് ടി ജെ ജോസഫിനെ തള്ളിപ്പറഞ്ഞതോടെ അദ്ദേഹം ഒളിവിൽ പോയി. കോളേജിൽ നിന്ന് പ്രൊഫസറെ സസ്‌പെൻഡ് ചെയ്യുകയും കോളേജ് അധികൃതർ പരസ്യമായി മാപ്പു പറയുകയും ചെയ്തു. വിഷയത്തിൽ മതനിന്ദ കുറ്റം ചുമത്തി ടി ജെ ജോസഫിനെതിരെ പോലീസ് സ്വമേധയാ കേസെടുത്തു. ജോസഫ് ഒളിവില്‍ പോയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ 22 കാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ജോസഫിനെ കണ്ടെത്താൻ നാല് ടീമുകളെയും പോലീസ് നിയമിച്ചു. തന്റെ മകനും കുടുംബത്തിനും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചതോടെ, ആറ് ദിവസത്തിന് ശേഷം അദ്ദേഹം പോലീസിന് മുന്നിൽ കീഴടങ്ങി, ജയിലിലായി.
കാറിന്റെ വാതിൽ ഉള്ളിൽ നിന്ന് തുറന്ന് പ്രൊഫസറെ റോഡിലൂടെ വലിച്ചിഴച്ചു. കൈകളിലും കാലിലും ആഞ്ഞുവെട്ടി. ഇടതു കൈപ്പത്തി പൂർണമായും വെട്ടിമാറ്റുകയും വലതുകൈക്ക് സാരമായി വെട്ടേൽക്കുകയും ചെയ്തു
ഒരാഴ്ചയോളം ജയിലിൽ കഴിഞ്ഞ ശേഷം ജാമ്യം നേടി പുറത്തിറങ്ങിയ ജോസഫിനെത്തേടി പലതവണ അക്രമികൾ വന്നിരുന്നു. ജൂലൈ നാലിന് അമ്മയോടൊപ്പം മൂവാറ്റുപുഴയിലെ പള്ളിയിൽ പോയി മടങ്ങി വരുകയായിരുന്ന ടി ജെ ജോസഫിന് നേരെ വീടിന് അടുത്തുവച്ചാണ് ആക്രമണമുണ്ടാകുന്നത്. മിനിവാനിലെത്തിയ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആറംഗ സംഘത്തിൽ ഒരാൾ, കോടാലിയുപയോഗിച്ച് കാറിന്റെ ചില്ല് തകർത്തു. കാറിന്റെ വാതിൽ ഉള്ളിൽ നിന്ന് തുറന്ന് പ്രൊഫസറെ റോഡിലൂടെ വലിച്ചിഴച്ചു. കൈകളിലും കാലിലും ആഞ്ഞുവെട്ടി. ഇടതു കൈപ്പത്തി പൂർണമായും വെട്ടിമാറ്റുകയും വലതുകൈക്ക് സാരമായി വെട്ടേൽക്കുകയും ചെയ്തു. നിലവിളിയും ഗ്ലാസ് തകർന്ന ശബ്ദവും കേട്ട് വീട്ടിൽ നിന്നും ഭാര്യയും മകനും ഓടിയെത്തിയപ്പോഴേക്കും പ്രതികൾ വാനിൽ കയറി സ്ഥലംവിട്ടിരുന്നു.
ഒരു മാസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ജോസഫിനെ ന്യൂ മാൻ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു
അയൽക്കാരാണ് ജോസഫിനെ ആശുപത്രിയിൽ എത്തിച്ചത്. അയൽവാസിയുടെ പറമ്പിൽ നിന്ന് കണ്ടെത്തിയ അദ്ദേഹത്തിന്റെ ഇടത് കൈപ്പത്തിയും അവർ പ്രത്യേകം ബാഗിലാക്കി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി. അപ്പോഴേക്കും അധ്യാപകനെതിരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ഒരു മാസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയ ജോസഫിനെ ന്യൂമാൻ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെയും പ്രതിഷേധങ്ങൾ ഉണ്ടായി. അദ്ദേഹത്തിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്തുന്നതിനായി അധ്യാപകർ പിരിവുകൾ സംഘടിപ്പിച്ചു. പുറത്താക്കലിനെതിരെ കോളേജിന് മുന്നിൽ സത്യഗ്രഹമിരുന്നു.
2010ലും 2011ലുമായി കാലുകളിലും കൈവിരലുകൾ തുന്നിച്ചേർക്കാനും ഉൾപ്പെടെ വിവിധ ശസ്ത്രക്രിയകൾക്ക് അദ്ദേഹം വിധേയനായി. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി എടുത്ത വിദ്യാഭ്യാസ ലോൺ ഉൾപ്പെടെ കുടുംബം കടക്കെണിയിലായി. തുടർച്ചയായ പ്രതിസന്ധികള്‍ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സലോമി വിഷാദരോഗത്തിന് അടിമപ്പെട്ടു. 2014 മാർച്ചിൽ സലോമി ആത്മഹത്യ ചെയ്തു. ഇത് വീണ്ടും ജനരോഷത്തിനു കാരണമായി. വിരമിക്കാൻ മൂന്ന് ദിവസം ബാക്കിനിൽക്കെ, കോളേജ് ടി ജെ ജോസഫിനെ തിരിച്ചുവിളിച്ചു. പെൻഷൻ ആനുകൂല്യങ്ങൾക്ക് അദ്ദേഹം അർഹനാണെന്ന് കണ്ടെത്തുകയും ചെയ്തു.
അക്രമവുമായി ബന്ധപ്പെട്ട് 31 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കേരളാ പോലീസ് അന്വേഷിച്ച കേസ് 2011 മാർച്ച് 9-നാണ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തത്. വിചാരണ പൂർത്തിയാക്കി കൊച്ചിയിലെ എൻഐഎ കോടതി 2015 ഏപ്രിൽ 30ന് ആദ്യഘട്ടം വിധിപറഞ്ഞു. സംഭവത്തിൽ 13 പേരെ കോടതി ശിക്ഷിച്ചു. ഇതിൽ 10 പേരെ എട്ടുവർഷത്തെ തടവിന് വിധിച്ചു. ശേഷം തുടർന്നുണ്ടായ അന്വേഷണത്തിൽ 11 പേരെക്കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.