കേരളത്തിന്റെ സമര സഖാവ് 
നൂറിലേയ്ക്ക്

കേരളത്തിന്റെ സമര സഖാവ് നൂറിലേയ്ക്ക്

മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്നപ്പോഴും ജനങ്ങളുടെ മനസിലായിരുന്നു വിഎസിന്റെ സ്ഥാനം
Updated on
1 min read

കേരളത്തിന്റെ വിപ്ലവ ഇതിഹാസ ചരിത്രത്തിലെ സമര യൗവനത്തിന്റെ പേരാണ് സഖാവ് വി എസ്. 'കണ്ണേ കരളേ വിഎസേ' എന്ന് കേരളം വിളിച്ച സമര നായകന്‍. അനിതരസാധാരണമായ ശൈലികൊണ്ട് അണികളെ ആവേശം കൊള്ളിച്ചിരുന്ന, ഹാസ്യാത്മക പ്രസംഗങ്ങള്‍ക്കൊണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്ന പ്രിയപ്പെട്ട വി എസ്. ശാരീരിക അവശതകള്‍ മൂലം പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന് വിഎസ് ഒഴിഞ്ഞിട്ട് മൂന്ന് വര്‍ഷമാവുന്നു.

ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് ശങ്കരന്‌റേയും അക്കമ്മയുടേയും മകനായി 1923 ഒക്ടോബര്‍ 20നായിരുന്നു വി എസ് അച്യുതാനന്ദന്‌റെ ജനനം. 1940-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പി കൃഷ്ണപിള്ളയുടെ ഉപദേശങ്ങളാണ് ആദ്യകാലത്ത് വി എസ് എന്ന കമ്മ്യൂണിസ്റ്റിനെ വളര്‍ത്തിയത്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിന് വഴിവെച്ച ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സിപിഎം രൂപീകരിച്ച കേരളത്തില്‍ നിന്നുള്ള ഏഴുനേതാക്കളില്‍ ഒരാളാണ് വി എസ് അച്യുതാനന്ദന്‍. 1980 മുതല്‍ 1991 വരെ മൂന്നുതവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. 2006ല്‍ പാര്‍ട്ടിയിലെ വിഭാഗീയതകള്‍ക്കിടയിലും കേരളത്തിന്‌റെ മുഖ്യമന്ത്രി സ്ഥാനം വിഎസിലേക്ക് തന്നെ എത്തി. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രതിപക്ഷ നേതൃസ്ഥാനത്ത് ഇരുന്നപ്പോഴും ജനങ്ങളുടെ മനസിലായിരുന്നു വിഎസിന്റെ സ്ഥാനം.

1992 ല്‍ പ്രതിപക്ഷനേതാവായി തുടങ്ങി 2019 വരെ അവിശ്രമം തുടരുന്ന സമര യാത്രയായിരുന്നു വിഎസിന്റേത്. 1997 ലെ നിലം നികത്തല്‍ വിരുദ്ധ സമരം, മതികെട്ടാന്‍ മുതല്‍ എന്‍ഡോസള്‍ഫാന്‍ വരെയുള്ള പരിസ്ഥിതി പോരാട്ടങ്ങളില്‍ സജീവമായി ഇടപെട്ടു. മൂന്നാര്‍ കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കലിന് നേതൃ നിരയില്‍ പ്രവര്‍ത്തിച്ച വിഎസ് ഇന്നും ജനങ്ങളുടേയും അണികളുടേയും ആരാധനാപാത്രമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മകന്‍ അരുണ്‍ കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ പൂര്‍ണ്ണ വിശ്രമത്തിലാണ്.

logo
The Fourth
www.thefourthnews.in