വിസിമാരുടെ കാര്യത്തില്‍ ഇനിയെന്ത്? വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും
രാജിവെക്കില്ലെന്ന് അറിയിച്ച വിസിമാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ നേരിട്ട് വിശദീകരണം നല്‍കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഇതുവരെ ഏഴ് വിസിമാരാണ് ഗവര്‍ണര്‍ക്ക് വിശദീകരണം നല്‍കിയിട്ടുള്ളത്. അതേസമയം, കണ്ണൂര്‍, കാലിക്കറ്റ്, കുസാറ്റ് വിസിമാര്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ഇന്ന് വൈകിട്ട് വരെ സമയമുള്ളതിനാല്‍, അതിനുള്ളില്‍ ഇവരും വിശദീകരണം നല്‍കിയേക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍നിന്ന് ഇന്ന് തിരിച്ചെത്തുന്ന ഗവര്‍ണര്‍ വിസിമാരുടെ വിശദീകരണം പരിശോധിച്ച ശേഷമാകും തുടര്‍ നടപടി സ്വീകരിക്കുക.
യുജിസി നിഷ്‌കര്‍ഷിക്കുന്ന ഗോഗ്യത തങ്ങള്‍ക്കുണ്ടെന്നാണ് വിസിമാര്‍ ഗവര്‍ണറെ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ പരിശോധിച്ചശേഷം ഹിയറിംഗ് കൂടി നടത്തിയശേഷമാകും ഗവര്‍ണര്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുക. നേരത്തെ, കാരണം കാണിക്കല്‍ നോട്ടീസ് നിയമ വിരുദ്ധമാണെന്നും അതിനാല്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏഴ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കാതെയാണ് നോട്ടീസ് അയച്ചതെന്നായിരുന്നു വാദം. ഹര്‍ജിയില്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാന്‍ അവസരം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ മറുപടി നല്‍കാതെ വി സിമാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ഗവര്‍ണറുടെ നോട്ടീസിന് മറുപടി നല്‍കുകയല്ലേ വേണ്ടതെന്നായിരുന്നു കോടതി വാക്കാല്‍ ചോദിച്ചത്. വിശദമായ വാദം കേള്‍ക്കലിനുശേഷം, കാരണം കാണിക്കല്‍ നോട്ടീസില്‍ ഗവര്‍ണര്‍ അന്തിമ തീരുമാനം എടുക്കുന്നതുവരെ വിസിമാര്‍ക്ക് പദവിയില്‍ തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം, ഗവര്‍ണര്‍ക്ക് എതിരെയുള്ള പ്രതിഷേധം കടുപ്പിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി നവംബര്‍ 15ന് രാജ്ഭവന്‍ മാര്‍ച്ചും ധര്‍ണയും നടത്താന്‍ തീരുമാനിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ദേശീയ നേതാക്കളെയടക്കം പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രതിഷേധപരിപാടിയാണ് സിപിഎം ആസൂത്രണം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും വലിയ ജന പങ്കാളിത്തത്തോടു കൂടിയാകും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുക. സര്‍വകലാശാലകളില്‍ വര്‍ഗീയ ധ്രുവീകരണത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഇഷ്ടക്കാരെ വിസിമാരാക്കി അജണ്ട നടപ്പാക്കാന്‍ ആര്‍എസ്എസ് ആസൂത്രിത നീക്കം നടത്തുകയാണെന്നുമാണ് സിപിഎം ആരോപണം.